യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Posted on: September 26, 2013 5:47 am | Last updated: September 26, 2013 at 7:48 am

വണ്ടൂര്‍: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയത് ചോദ്യം ചെയ്ത യുവാവിനെ അയല്‍വാസി വെട്ടി പരുക്കേല്‍പ്പിച്ചു.
വണ്ടൂര്‍ പാലക്കാട്ട്കുന്ന് നാല് സെന്റ് കോളനിയിലെ പുല്‍പ്പടവന്‍ സൈതാലിയുടെ മകന്‍ ഷാന്‍(20)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഷാന്റെ അയല്‍വാസിയായ കാട്ടില്‍ വടക്കേതില്‍ ഭദ്രന്‍ (50) ആണ് അക്രമിച്ചത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കുളിമുറിയിലേക്ക് ഭദ്രന്‍ ഒളിഞ്ഞുനോക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് നാട്ടുകാരായ യുവാക്കള്‍ ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഭദ്രന്‍ കയ്യിലെ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ഷാന്റെ ചെവിക്ക് മുകളിലായാണ് വെട്ടേറ്റത്.പരുക്കേറ്റ ഇയാളെ വണ്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഭദ്രന്റെ കുടുംബം സംഭവ സമയം വീട്ടിലില്ലായിരുന്നുവെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും പറയുന്നു. ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി വണ്ടൂര്‍ സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം തുടങ്ങി.