Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: ജില്ലയില്‍ പ്രത്യേക സേനാ വിഭാഗം രൂപവത്കരിക്കുന്നതിന് ആവശ്യപ്പെടും

Published

|

Last Updated

കല്‍പറ്റ: ജില്ലയിലെ വനമേഖല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക സേനാവിഭാഗം രൂപവത്കരിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ കലക്ടര്‍ കെ ജി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നക്‌സല്‍, മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് അത്യാധുനിക സൗകര്യങ്ങളുള്ള ആന്റി നക്‌സല്‍ഫോഴ്‌സ്, സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സ് തുടങ്ങിയ പ്രത്യേക സേനാവിഭാഗങ്ങള്‍ നിലവിലുണ്ട്. സംസ്ഥാനത്ത് തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ പ്രത്യേക സേനാവിഭാഗമുണ്ടെങ്കിലും വയനാട് ജില്ലയില്‍ ഇവര്‍ക്ക് കേന്ദ്രമില്ലാത്തതിനാല്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കാനാവുന്നില്ല. പട്ടികവര്‍ഗ്ഗ ജനവിഭാഗം ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലയില്‍ ഈ വിഭാഗങ്ങളുടെ ഇടയില്‍ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കുന്നത് തടയുന്നതിന് വിവിധ വകുപ്പധ്യക്ഷന്‍മാരടങ്ങിയ ജില്ലാതല സമിതി രൂപവത്കരിച്ചു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയില്‍ ജില്ലാപോലീസ്‌മേധാവി, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കായി നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഫലം ഇടനിലക്കാര്‍ ചോര്‍ത്തുന്നത് കര്‍ശനമായി തടയണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഭക്ഷ്യവകുപ്പ് വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണവും അളവും കൃത്യമാണെന്ന് ഉറപ്പ് വരുത്തണം.
ആദിവാസി വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്തതിന് ശേഷം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. സെക്ഷന്‍, റേഞ്ച്, ജില്ലാതലങ്ങളില്‍ വനജാഗ്രതാ സമിതികള്‍ നല്ല പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇത്തരത്തില്‍ സമിതികള്‍ രൂപീകരിച്ച ആദ്യജില്ല വയനാടാണെന്നും യോഗത്തില്‍ പങ്കെടുത്ത സൗത്ത് വയനാട് ഡി എഫ് ഒ. പി ധനേഷ്‌കുമാര്‍ യോഗത്തില്‍ അറിയിച്ചു.
വനം വകുപ്പില്‍ നൂറ്റിഇരുപതോളം വാച്ചര്‍മാരെ പുതുതായി നിയമിക്കും. ഉള്‍വനങ്ങളിലെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് അത്യാധുനിക ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലേതുപോലെ വനത്തിനുള്ളില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടാലുടന്‍ വെടിവെയ്ക്കുന്നതിന് വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതിന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ആദിവാസി കോളനികളിലെ മദ്യ വില്‍പ്പനയും ലഹരി മരുന്ന് ഉപയോഗവും തടയുന്നതിന് കര്‍ശന നടപടിയെടുക്കുന്നതിന് എക്‌സൈസ് വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആദിവാസികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ കോളനികളില്‍ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ഊരുത്സവം പദ്ധതി ഉള്‍വനങ്ങളിലും സംഘടിപ്പിക്കണം. ആരോഗ്യ വകുപ്പിന്റെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജിതപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Latest