മാള്‍ അടച്ചുപൂട്ടാനുള്ള നീക്കം: ജീവനക്കാര്‍ മാനേജരെ ഉപരോധിച്ചു

Posted on: September 26, 2013 6:34 am | Last updated: September 26, 2013 at 7:34 am

കോഴിക്കോട്: ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായ കൂപ്പണ്‍ മാള്‍ അടച്ച്പൂട്ടാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അസംഘടിത മേഖല തൊഴിലാളി യൂനിയ (എ എം ടി യു)ന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ മാളിന്റെ മാനേജരെ ഉപരോധിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ മാനേജ്‌മെന്റ് രഹസ്യമായി മാള്‍ പൂട്ടുന്നതില്‍ പ്രതിഷേധിച്ചാണ് മാനേജര്‍ രമേശ് ബാബുവിനെ 25 ഓളം വരുന്ന ജീവനക്കാര്‍ ഉപരോധിച്ചത്.
വരുന്ന 30ഓടെ മാള്‍ പൂര്‍ണമായും അടച്ച് പൂട്ടാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു നോട്ടീസ് പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അഞ്ച് വര്‍ഷമായി മാനേജ്‌മെന്റ് പി എഫ് പിടിച്ചെങ്കിലും ഇത് എവിടെയും നിക്ഷേപിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഓണത്തിനും മറ്റും ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ 21ന് മാനേജരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ താന്‍ മാളിലെ തൊഴിലാളിയാണെന്നും ജീവനക്കാര്‍ ബംഗളൂരു ആസ്ഥാനമായുള്ള അഡീകോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് കരാര്‍ ഒപ്പിട്ടതെന്നും മാനേജര്‍ രമേശ് ബാബു അറിയിച്ചതായി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ അഡീകോ എം ഡി അജിതിനെ താന്‍ അറിയിച്ചതായും അദ്ദേഹം തിങ്കളാഴ്ച ചര്‍ച്ചക്ക് എത്തുമെന്നും മാനേജര്‍ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് എത്താതെ എം ഡി മുങ്ങിയതിനാലാണ് മാനേജരെ ഉപരോധിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.
ഇന്നലെ നടത്തിയത് സൂചനാ സമരം മാത്രമാണെന്നും വരും ദിവസങ്ങളില്‍ അനിശ്ചിതകാല ഉപരോധമടക്കം സമരം ശക്തമാക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു.