ഹാജിമാര്‍ വിശുദ്ധ ഭൂമിയില്‍

Posted on: September 26, 2013 12:00 am | Last updated: September 26, 2013 at 1:48 am

mlp-hajimar airportilekku kayarunnuമലപ്പുറം/മക്ക: ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… തല്‍ബിയത്തിന്റെ മന്ത്രധ്വനികള്‍ ഉരുവിട്ട് അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ വിശുദ്ധഭൂമിയില്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള രണ്ട് സംഘങ്ങളാണ് ഇന്നലെ കരിപ്പൂരില്‍ നിന്ന് യാത്രയായത്. ഇതില്‍ ആദ്യ സംഘം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. കരിപ്പൂരില്‍ നിന്ന് രാവിലെ 9: 05 നു തിരിച്ച സംഘം ജിദ്ദയില്‍ പ്രാദേശിക സമയം 12.35ന് എത്തിച്ചേര്‍ന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം ആറിനാണ് സംഘം മക്കയില്‍ എത്തിയത്.
മക്കയില്‍ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. രണ്ടാം വിമാനം പ്രാദേശിക സമയം 7.30 ന് ജിദ്ദയിലെത്തി ഹാജിമാര്‍ റോഡ് മാര്‍ഗം ഹറമിനടുത്ത് താമസസ്ഥലത്തേക്ക് പുറപ്പെട്ടു.
ആദ്യ സംഘം രാവിലെ 9.05നും രണ്ടാമത്തെ സംഘം വൈകുന്നേരം 4.05നുമാണ് കരിപ്പൂരില്‍ നിന്ന് യാത്ര പുറപ്പെട്ടത്. സഊദി എയര്‍വേയ്‌സിന്റെ വിമാനമാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും ആദ്യ സംഘം പുറപ്പെട്ടത് മലേഷ്യന്‍ എയര്‍വേയ്‌സിലായിരുന്നു. വിമാനത്തിന്റെ കുറവുള്ളതിനാല്‍ സഊദി എയര്‍വേയ്‌സ് മലേഷ്യന്‍ കമ്പനിയുടെ വിമാനം വാടകക്കെടുക്കുകയായിരുന്നുവെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ സംഘം സഊദി എയര്‍വേയ്‌സില്‍ തന്നെയാണ് യാത്രയായത്. ഇരു സംഘത്തിലും 300 വീതം ഹാജിമാരുണ്ട്. 146 പുരുഷന്‍മാരും 154 സ്ത്രീകളുമാണ് ആദ്യ സംഘത്തിലുള്ളത്. മലപ്പുറം തെന്നലയില്‍ നിന്നുള്ള ഇസ്മാഈലിന്റെ ഭാര്യ ഫാത്വിമ (26)ആണ് ആദ്യ സംഘത്തിലെ പ്രായം കുറഞ്ഞയാള്‍. 86 വയസ്സുള്ള വയനാട് വട്ടക്കണ്ടി പഴേരി സ്വദേശിനി ഫാത്വിമയാണ് മുതിര്‍ന്ന അംഗം.
രാവിലെ പുറപ്പെട്ടവര്‍ ചൊവ്വാഴ്ചയും വൈകുന്നേരം പുറപ്പെട്ടവര്‍ ഇന്നലെ രാവിലെയുമാണ് ഹജ്ജ് ഹൗസിലെത്തിയത്. ഇഹ്‌റാമിന്റെ വേഷത്തിലാണ് ഹാജിമാര്‍ ഹജ്ജ് ഹൗസില്‍ നിന്ന് പുറപ്പെട്ടത്. ഇവരെ പ്രത്യേക ബസില്‍ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. ആഭ്യന്തര ടെര്‍മിനലാണ് ഹജ്ജ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
തീര്‍ഥാടകര്‍ക്ക് 22 കിലോഗ്രാം വീതമുള്ള രണ്ട് ബാഗുകളും പത്ത് കിലോയുടെ ഹാന്‍ഡ് ബാഗുമാണ് അനുവദിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ ഒന്‍പത് വരെയാണ് ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുക. ഇതില്‍ അവസാന ദിവസം മാത്രം ഒരു വിമാനവും മറ്റ് ദിവസങ്ങളിലെല്ലാം രണ്ട് വിമാനങ്ങളുമായിരിക്കും പുറപ്പെടുക. ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ 8788 പേരാണ് യാത്രയാകുന്നത്. ഇവരില്‍ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുളള തീര്‍ഥാടകരും ഉള്‍പ്പെടും.
കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ അഹമ്മദ് ആദ്യ വിമാനം ഫഌഗ് ഓഫ് ചെയ്തു.