കാഞ്ഞങ്ങാട്ടെ കള്ളനോട്ടുകള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അച്ചടിച്ചതെന്ന് എന്‍ഐഎ

Posted on: September 25, 2013 6:00 am | Last updated: September 25, 2013 at 3:19 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പിലിക്കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത ആയിരത്തിന്റെയും അഞ്ഞൂറ് രൂപയുടെയും കളളനോട്ടുകള്‍ സര്‍ക്കാര്‍ സംവിധാനത്തെയും നോട്ട് അച്ചടിയുടെ അതിനൂതന സാങ്കേതിക മികവിനെയും മറികടന്ന് അതിലും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അച്ചടിച്ചതെന്ന് തെളിഞ്ഞു.
ഭാരത സര്‍ക്കാറിന്റെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്ന നാസിക്കിലെ അച്ചടിശാലയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതേ തുടര്‍ന്ന് കളളനോട്ടുകള്‍ വീണ്ടും വിശദമായ പരിശോധനക്ക് വിധേയമാക്കാന്‍ ഈ കളളനോട്ട് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) തീരുമാനിച്ചു. ഇപ്പോള്‍ കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയുടെ കസ്‌ററഡിയിലുളള കളളനോട്ടുകളില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കളളനോട്ടുകളില്‍ നിന്ന് പത്തുവീതം നോട്ടുകള്‍ പരിശോധനക്കായി എന്‍ഐഎയുടെ ഡല്‍ഹി യൂണിറ്റിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ ഐ എ പ്രത്യേക കോടതി ജഡ്ജി പി ശശിധരന്‍ മുമ്പാകെ അപേക്ഷ നല്‍കി.
ഈ അപേക്ഷയില്‍ 1ന് കോടതി തീര്‍പ്പ് കല്‍പ്പിക്കും. 2012 ആഗസ്ത് മാസത്തില്‍ ചന്തേര, ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കളളനോട്ട് കേസുകളിലാണ് എന്‍ ഐ എയുടെ ഈ പുതിയ തുടര്‍ നടപടി. നോര്‍ത്ത് കോട്ടച്ചേരിയിലെ പ്രശസ്തമായ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി 1.80 ലക്ഷം രൂപയുടെ കളളനോട്ട് നല്‍കി മുങ്ങുകയും പിന്നീട് പോലീസ് നാടകീയമായി പിടികൂടുകയും ചെയ്ത ചെറുവത്തൂര്‍ കൈതക്കാട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദുല്‍ജബ്ബാറില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് കളളനോട്ട് വിതരണ ശൃംഖലയിലെ 7ധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സത്താറിന്റെ ഭാര്യ സുബൈദയും കേസില്‍ പ്രതിയാണ്.
ഈ കളളനോട്ട് വിതരണ സംഘത്തിന്റെ ബോസ് മംഗലാപുരം സ്വദേശി മുഹ്‌യുദ്ദീനാണെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ ചെറുവത്തൂരിലെ ജ്വല്ലറികളില്‍നിന്നും പയ്യന്നൂരിലെ വസ്ത്രാലയത്തില്‍നിന്നും കള്ളനോട്ടുകള്‍ നല്‍കി സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും വാങ്ങിച്ചതായി തെളിഞ്ഞിരുന്നു. പീലിക്കോട് ഇലക്ട്രിസിറ്റി ഓഫീസില്‍ വൈദ്യുതി ബില്ലടച്ചതിലും കള്ളനോട്ട് കണ്ടെത്തിയിരുന്നു.