എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 73 കാരന് അഞ്ചുവര്‍ഷം കഠിന തടവ്

Posted on: September 25, 2013 6:17 am | Last updated: September 25, 2013 at 3:18 pm

കാസര്‍കോട്: എട്ടുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാട്ടിനകത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 73 കാരന് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജിയാണ് വിധി പറഞ്ഞത്.
ബദിയടുക്ക പെര്‍ളയിലെ കെ വി തോമസി(73)നാണ് ശിക്ഷ. പ്രതിയുടെ അയല്‍വാസിയായിരുന്ന എട്ടുവയസുകാരിയായ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍നിന്ന് തിരികെ വരുന്ന വഴി വീട്ടിനടുത്തുള്ള കാട്ടിലേക്ക് കടത്തിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2011 ഒക്‌ടോബറിലായിരുന്നു സംഭവം. പ്രതിയുടെ പ്രായവും രോഗവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് ലഭിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കോടതി പരിഗണിച്ചില്ല. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ പ്രതിക്കെതിരെ ശക്തമായ ശിക്ഷ ലഭിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ വാദിച്ചു. അഞ്ചുവര്‍ഷം കഠിനതടവ് ലഭിച്ച തോമസിനെ പിന്നീട് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റി.