Connect with us

Kozhikode

കോടികളുടെ ക്രമക്കേട്: കല്‍പ്പത്തൂര്‍ സഹകരണ ബേങ്കില്‍ വിജിലന്‍സ് റെയ്ഡ്

Published

|

Last Updated

പേരാമ്പ്ര: കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയ കല്‍പ്പത്തൂര്‍ സര്‍വീസ് സഹകരണ ബേങ്കില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ വിഭാഗങ്ങളിലായി സാമ്പത്തിക തിറിമറി കണ്ടെത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാറില്‍ നിന്ന് സബ്‌സിഡി ഇനത്തിലും ലോണ്‍ സംഖ്യ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന വെട്ടിപ്പുകളുമാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണറിയുന്നത്.
2008ല്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ടുള്ള പരാതികളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സ്ഥാപന അധികൃതര്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇന്നലെ കാലത്ത് വിജിലന്‍സ് വിഭാഗത്തിലെ നാലംഗ സംഘം പരിശോധനക്കെത്തിയത്.
വിജിലന്‍സ് സി ഐ. സഞ്ജീവ് കുമാര്‍, എ എസ് ഐ. ശശിധരന്‍, ഓഡിറ്റ് വിഭാഗം അസി. ഡയറക്ടര്‍ കൃഷ്ണന്‍, രാജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് ബേങ്കിലെ രേഖകള്‍ പരിശോധിച്ചത്. വൈകീട്ടോടെ അവസാനിപ്പിച്ച പരിശോധന ഇന്നും തുടരും.
ലോണ്‍ ഇടപാടുകളുടെ മുഴുവന്‍ ലിസ്റ്റും അക്കൗണ്ടും പരിശോധനാ വിധേയമാക്കുന്നുണ്ട്. ബേങ്കില്‍ ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണ ഉരുപ്പടികള്‍ ഓരോ ഇടപാടിലും നല്‍കിയ ലോണ്‍ സംഖ്യ എന്നിവയും ഈ ദിവസങ്ങളില്‍ പരിശോധനാ വിധേയമാക്കുമെന്നാണ് വിവരം.
ഈ ബേങ്കില്‍ നിന്ന് 2006ല്‍ 89,870 രൂപ ലോണെടുത്ത ചെറുവോട്ട് പാറക്കല്‍ കുഞ്ഞമ്മദിന്റെ കുടിശ്ശിക 2008ല്‍ കാര്‍ഷിക വായ്പ തള്ളിയതില്‍ ഉള്‍പ്പെടുത്തിയതായി പ്രസിദ്ധപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് സംഖ്യ എഴുതിത്തള്ളിയിട്ടില്ലെന്നറിയിച്ച് ഇയാളില്‍ നിന്ന് 2011ല്‍ 40,000 രൂപ നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചതായി പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ പ്രസ്തുത ലോണ്‍ എഴുതിത്തള്ളിതായി ബോധ്യപ്പെട്ടതായി പരാതിക്കാരന്‍ പറയുന്നു. ഇത്തരത്തിലുള്ള ക്രമക്കേടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

Latest