ജില്ലയിലെ മണല്‍, ചെങ്കല്‍ മേഖലകള്‍ സ്തംഭനത്തില്‍; തൊഴിലാളികള്‍ പട്ടിണിയില്‍

Posted on: September 24, 2013 6:00 am | Last updated: September 24, 2013 at 7:58 pm

കാസര്‍കോട്: ജില്ലയില്‍ മണല്‍, ചെങ്കല്‍ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള അഴിമുഖത്തെ കടവുകളില്‍നിന്ന് മണല്‍ നീക്കം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ഉറപ്പിച്ചെങ്കിലും ഈ മേഖലയില്‍ മണല്‍ വാരുന്ന തൊഴിലാളികള്‍ക്ക് ഒരു മാസത്തിലേറെയായി തൊഴിലില്ല. തൊഴിലാളികളുടെ പേരുപറഞ്ഞെത്തിയ ചില കടലാസ് സഹകരണ സംഘങ്ങള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയത്. മണല്‍ വാരാനാവശ്യമായ സംവിധാനമൊരുക്കാന്‍ ടെന്‍ഡര്‍ ഉറപ്പിച്ച സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ തയ്യാറാകാത്തതാണ് ഈ മേഖലയിലെ സ്തംഭനാവസ്ഥക്ക് കാരണം.
തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ ഏരിയകളിലെ ചെങ്കല്‍ ക്വാറി ഉടമകള്‍ കല്ല് കൊത്തിയെടുക്കുന്നത് ഏകപക്ഷീയമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി നൂറുകണക്കിനാളുകള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണുള്ളത്. ചെങ്കല്ലും മണലും ലഭിക്കാത്തതിനാല്‍ നിര്‍മാണ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. നിര്‍മാണ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയാണ് ഇത് ബാധിക്കുന്നത്.
ഉപയോക്താക്കളെയും ഈ പ്രശ്‌നം സാരമായി അലട്ടുകയാണ്. അതിനാല്‍ ജില്ലാ ഭരണാധികാരികള്‍എത്രയും പെട്ടെന്ന് പ്രശ്‌നത്തിലിടപ്പെട്ട് തൊഴില്‍ സ്തംഭനം ഒഴിവാക്കി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി ടി നാരായണന്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.