Connect with us

Gulf

ആത്മഹത്യാ ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ നാട്ടിലേക്കയച്ചു

Published

|

Last Updated

ഷാര്‍ജ: ഹോട്ടല്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സഊദി വിദ്യാര്‍ഥിനിയെ പോലീസ് കുടുംബാംഗങ്ങളുടെ കൂടെ നാട്ടിലേക്ക് തിരിച്ചയച്ചു. ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരി പഠന കാര്യങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു.
പഠനത്തില്‍ താഴ്ന്ന നിലവാരം പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിനിയോട് യൂണിവേഴ്‌സിറ്റി അധികൃതര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ഥിനിക്ക് ഇവിടെ തന്നെ പഠനം തുടരാനായിരുന്നു ആഗ്രഹം. കുടുംബാംഗങ്ങളുമായും ഇതേ പ്രശ്‌നത്തില്‍ അസ്വാരസ്യം നിലനിന്നിരുന്നുവത്രെ.
ശനിയാഴ്ച രാവിലെ 11ന് ഷാര്‍ജ അല്‍ ഖസബിലായിരുന്നു സംഭവം. 28 നിലകളുള്ള അര്യാന ഹോട്ടലിന്റെ ഏറ്റവും മുകളിലുള്ള ഹെലിപാഡിലാണ് വിദ്യാര്‍ഥിനി കയറിയത്. ഹെലിപാഡിന് ചുറ്റും സുരക്ഷയ്ക്കായി ഘടിപ്പിച്ചിട്ടുള്ള കമ്പിവേലിയില്‍ കയറി കാലുകള്‍ പുറത്തേക്കിട്ടിരുന്ന വിദ്യാര്‍ഥിനിയെ പിന്തിരിപ്പിക്കാന്‍ രണ്ട് മണിക്കൂറിലേറെ സമയം മനശ്ശാസ്ത്രജ്ഞരും പൊലീസും ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തന്റെ അടുത്തേക്ക് വന്നാല്‍ താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി. പിന്നീട്, പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് മനസ് മാറ്റുന്നിതിനിടെ ഞൊടിയിടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ നീക്കമാണ് യുവതിയെ രക്ഷിക്കാന്‍ കാരണമായത്.
കുവൈത്ത് ആശുപത്രിയില്‍ ചികിത്സ നല്‍കിയ വിദ്യാര്‍ഥിനിയുടെ കുടുംബാംഗങ്ങളെ പൊലീസ് ടെലിഫോണില്‍ ബന്ധപ്പെട്ട് നടന്ന സംഭവം ധരിപ്പിക്കുകയും കൂടൂതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥിനിക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം കാഴ്ചക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.

 

 

Latest