ടി പി വധം: പ്രതിഭാഗം സാക്ഷി വിസ്താരം ഇന്ന് മുതല്‍

Posted on: September 24, 2013 9:37 am | Last updated: September 24, 2013 at 9:37 am

3513671457_TPChകോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിഭാഗത്തുള്ള സാക്ഷികളുടെ വിസ്താരം ഇന്ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. പാറാട്ടെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പ്രസാദന്‍, ഫോട്ടോഗ്രാഫര്‍ ഭാസ്‌കരന്‍, സി പി എം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് സാക്ഷികളായി ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്.

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മോഹനന്‍ ഗൂഢാലോചന നടക്കുമ്പോള്‍ ഓര്‍ക്കാട്ടരിയിലെ പൂക്കടയില്‍ ഇല്ലായിരുന്നു എന്ന് തെളിയിക്കാനുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. മോഹനന്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ ദീപശിഖാ പ്രയാണ പരിപാടിയിലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വാദം.

മലയാള മനോരമ, മാതൃഭൂമി, കേരളാകൗമുദി എന്നീ പത്രങ്ങളുടെ എഡിറ്റര്‍മാരെ വിസ്തരിക്കണമെന്ന ഹര്‍ജിയില്‍ കോടതി ഇന്ന് തീരുമാനമെടുക്കും.