Connect with us

Eranakulam

സ്വര്‍ണക്കടത്ത്: ഫയാസ് സംഘത്തിലെ മുഖ്യ സൂത്രധാരന്‍

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തിയ 20 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ അറസ്റ്റിലായ മാഹി സ്വദേശി ഫയാസ് സ്വര്‍ണ കള്ളക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ നേതൃത്വത്തില്‍ വിമാനത്താവളം വഴി നേരത്തെ 12 കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചു. മറ്റൊരു സൂത്രധാരനെന്ന് സംശയിക്കുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ ഖാദറിനെ പിടികൂടാന്‍ കസ്റ്റംസ് ഇന്റര്‍പോളിന്റെ സഹായം തേടി.

കേരളത്തില്‍ സ്വര്‍ണക്കള്ളകടത്തിന് വന്‍ ശൃംഖലയുണ്ടെന്നാണ്് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരം. ഈ ശൃംഖലയില്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളുകളെ സംഘടിപ്പിച്ച് ടിക്കറ്റും പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ച് സ്വര്‍ണം നാട്ടിലെത്തിക്കുന്നതിനുള്ള കരുക്കള്‍ നീക്കുന്നത് ഫയാസ് ആണ്. കഴിഞ്ഞ ദിവസം പിടിയിലായതുള്‍പ്പെടെ 32 കിലോ സ്വര്‍ണം ഇയാളുടെ ആസൂത്രണത്തില്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇതുകൂടാതെയും ഇയാളുടെ നേതൃത്വത്തില്‍ കടത്തിയിട്ടുണ്ടോയെന്ന് അന്വേഷണവിധേയമാക്കിയിട്ടുണ്ട്. ഉത്തര കേരളം കേന്ദ്രീകരിച്ച് നടത്തുന്ന കടത്ത് കേരളത്തിലെ പ്രധാന ജ്വല്ലറികള്‍ക്ക് വേണ്ടിയാണെന്ന് കരുതപ്പെടുന്നു. ഒരു കിലോ സ്വര്‍ണം അനധികൃതമായി നാട്ടിലെത്തുമ്പോള്‍ കസ്റ്റംസ് തീരുവ ഇനത്തില്‍ മാത്രം മൂന്ന് ലക്ഷം രൂപ ലാഭമുണ്ട്. ഇത് ആഭരണങ്ങളാക്കി കടയില്‍ എത്തുമ്പോള്‍ നികുതിയിനത്തില്‍ അഞ്ച് ലക്ഷത്തിലധികം രൂപ ലാഭമുണ്ട്. ഇതാണ് സ്വര്‍ണകള്ളകടത്ത് വര്‍ധിക്കുന്നതിനുള്ള മുഖ്യകാരണം.

കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായ ചാവക്കാട് സ്വദേശിനി ആരിഫ, ഭര്‍ത്താവ് ഹാരിസ്, കോഴിക്കോട് സ്വദേശിനിയായ ആസിഫ എന്നിവരെ ചോദ്യം ചെയ്യുകയും ഹാരിസിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് മാഹി സ്വദേശി ഫയാസിന്റെ ബന്ധം കസ്റ്റംസ് തിരിച്ചറിഞ്ഞത്. കൊച്ചിയില്‍ വിമാനം ഇറങ്ങിയ ഹാരിസ് സ്വര്‍ണം ഏല്‍പ്പിക്കേണ്ടത് ആരെയെന്ന് അറിയുന്നതിനായി ഫയാസിനെ വിളിച്ചതായി കസ്റ്റംസ് കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ രാജ്യം വിടാതിരിക്കുന്നതിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇത് അറിയാതെ ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഫയാസ് പിടിയിലായത്.
ആറ് മാസത്തിനുള്ളില്‍ കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ വഴി മാത്രം 70 കിലോ അനധികൃത സ്വര്‍ണം പിടികൂടിയിട്ടുണ്ട്. അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണത്തിന്റെ 10 ശതമാനം പോലും പിടികൂടിയിട്ടില്ല. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയാല്‍ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകണങ്ങളുടെ അപര്യാപ്തത സ്വര്‍ണക്കടത്ത് അടക്കമുള്ളവ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.