Connect with us

Editorial

പെഷാവറിലെ തീവ്രവാദി ആക്രമണം

Published

|

Last Updated

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വിശിഷ്യാ പെഷാവറില്‍ തീവ്രവാദി സ്വാധീനം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടതടവില്ലാത്ത തീവ്രവാദി ആക്രമണങ്ങളുടെ വാര്‍ത്തകളാണ് അവിടെ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ആരാധനകള്‍ കഴിഞ്ഞു പുറത്തുവരുന്ന വിശ്വാസികള്‍ക്കെതിരെ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 81 പേര്‍ വധിക്കപ്പെടുകയും 150-ാളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. തിരക്കേറിയ വ്യാപാര കേന്ദ്രത്തിന് സമീപമുള്ള പള്ളിയിലും പരിസരങ്ങളിലും സ്‌ഫോടനം നടക്കുമ്പോള്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നു. സ്‌ഫോനത്തിന് മുമ്പ് രണ്ട് സൂരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയും ഒരു സൈനികന്‍ വധിക്കപ്പെടുകയുമുണ്ടായി.
2009 ഒക്‌ടോബറിലായിരുന്നു സമീപ കാലത്ത് പെഷാവറില്‍നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണം. പെഷാവറിലെ മീന ബസാറിലുള്ള പീപ്പിള്‍ മണ്ടി വാണിജ്യ കേന്ദ്രത്തില്‍ ഒരു വാഹനത്തില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അന്നത്തെ ദുരന്തത്തില്‍ 13 കുട്ടികളും 27 സ്ത്രീകളുമുള്‍പ്പെടെ നൂറിലേറെ പേര്‍ മരിക്കുകയും ഇരുനുറില്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മാര്‍ക്കറ്റുകളിലെ സ്ത്രീകളുടെ സൈ്വരവിഹാരം സമൂഹത്തില്‍ ലൈംഗികാരജകത്വത്തിന് കാരണമാകുന്നതിനാല്‍ സ്ത്രീകള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് വിലക്കണമെന്ന് തീവ്രാദികള്‍ ആവശ്യപ്പെട്ടിരുന്നു. അത് അവഗണിച്ചതിനെ തുടര്‍ന്ന് സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു അന്നത്തെ ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള വസീരിസ്താന്‍, ഖൈബര്‍ മേഖലയിലെ അക്കാകേല്‍ തുടങ്ങിയ പ്രദേശങ്ങള്‍ താലിബാന്‍ തീവ്രവാദികളുടെ സുരക്ഷിതമായ ഒളിത്താവളങ്ങളാണ്. ഇവിടെ അമേരിക്ക നിരന്തരം ഡ്രോണ്‍ ആക്രമണം നടത്തിവരുന്നുണ്ട്. തീവ്രവാദികളെ തുരത്താന്‍ ഈ മേഖലയില്‍ സൈനിക ഓപ്പറേഷന്‍ നടത്തണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെടുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. പാക് ഭരണകൂടം അതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഡ്രോണ്‍ ആക്രമണമെന്നാണ് യു എസ് വിശദീകരണം. അമേരിക്കയുടെ അനാവശ്യമായ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്ചത്തെ ഇരട്ട ചാവേര്‍ ആക്രമണമെന്നാണ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത “തഹ്‌രീകേ താലിബാന്‍” വെളിപ്പെടുത്തിയത്. അമേരിക്ക അക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും തഹ്‌രീകേ താലിബന്‍ വക്താവ് അഹ്മദ് മാര്‍വാത്ത മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
അഫ്ഗാനിസ്ഥാനിലെ അമേരിക്കല്‍ അധിനിവേശവും പാകിസ്ഥാന്‍ അതിന് നല്‍കിയ പിന്തുണയുമാണ് അഫ്ഗാനിസ്ഥാനിലും അതിനോട് ചേര്‍ന്നുള്ള പാക് പ്രദേശങ്ങളിലും തീവ്രവാദി സ്വാധീനത്തിനും ആക്രമണത്തിനും കാരണമെന്ന് ഇതിനകം വ്യക്തമായതാണ്. സോവിയറ്റ് യുനിയന്റെ അധിനിവേശ കാലത്ത് അമേരിക്കയാണ് അഫ്ഗാനില്‍ അല്‍ഖാഇദ ഉള്‍പ്പെടെയുളള തീവ്രാദി സംഘടനകളെ സൃഷ്ടിച്ചതും വളര്‍ത്തിയെടുത്തതും. സോവിയറ്റ് യൂനിയന്റെ പിന്‍മാറ്റത്തിന് ശേഷം അഫ്ഗാനില്‍ സ്വാധീനമുറപ്പിക്കുന്നതിന് ഈ സംഘടനകള്‍ ഒരു ഭീഷണിയാകുമെന്ന് കണ്ടപ്പോഴാണ് യു എസ് അവര്‍ക്കെതിരെ രംഗത്ത് വരുന്നത്. അമേരിക്കയുടെ ലോക പോലീസ് നയം ലോകത്തെവിടെയും സമാധാന പുനഃസ്ഥാപനത്തിന് പകരം സംഘര്‍ഷങ്ങള്‍ക്ക് തീവ്രത കൂട്ടാനേ സഹായിച്ചിട്ടുള്ളുവെന്നതാണ് അനുഭവം. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.
എന്നാല്‍ അമേരിക്കയോടുള്ള പകപോക്കലിന് പാകിസ്ഥാനിലെ പാശ്ചാത്യ പൗരന്മാരെയും മതന്യൂനപക്ഷങ്ങളെയും കരുവാക്കുന്ന തീവ്രവാദി സംഘടനകളുടെ നയം അപലപനീയവും ഒരു വിധേനയും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. ഇസ്‌ലാമിന്റെ പേരിലാണ് അവര്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചു വിടുന്നത്. ഇസ്‌ലാമിക രാജ്യങ്ങളിലെ നിരപരാധരായ മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് പ്രവാചകാധ്യാപനം. അല്ലാതെ അകാരണമായി കൊന്നൊടുക്കാനല്ല. തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഇത്തരം നിലപാടുകള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും കരിവാ രിത്തേക്കാ നും വ്രതമെടുത്ത സയണിസത്തിനും പാശ്ചാത്യന്‍ ഇസ്‌ലാമിക വിരുദ്ധലോബിക്കും സഹായകമാവുകയേ ഉള്ളു.