അറവുശാലകളിലെ അവസ്ഥ; അനക്കമില്ലാതെ അധികൃതര്‍

Posted on: September 23, 2013 8:10 am | Last updated: September 23, 2013 at 8:11 am

തിരൂര്‍: ജില്ലയിലെ അറവുശാലകള്‍ക്ക് മുന്നില്‍ ചെന്നാല്‍ മൂക്ക് പൊത്തി നില്‍ക്കേണ്ട അവസ്ഥ. ദിവസവും അറവുമാടുകളെ കശാപ്പ് ചെയ്ത് വില്‍പ്പന നടത്തുന്ന കടകളില്‍ വൃത്തിഹീനമായ സാഹചര്യമാണ്. ഇത് ഒഴിവാക്കേണ്ട അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരക്കെയുള്ള പരാതി. മാത്രമല്ല അംഗീകൃത അറവുശാലകളെക്കാളും കൂടുതല്‍ അനധികൃത അറവുശാലകളാണെന്നറിഞ്ഞിട്ടും നടപടിയെടുക്കേണ്ടവരും പരിശോധന നടത്തേണ്ടവരും ഗൗനിക്കുന്നില്ലെന്നും ആരോപണമുണ്ട്.

അസുഖമുള്ള കാലികളെ കശാപ്പ് ചെയ്യുന്നത് ജില്ലയില്‍ ഈയടുത്തായി കൂടിയിട്ടുണ്ട്. അസുഖം ബാധിച്ച കാലികളെ കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാല്‍ അവയെ കശാപ്പ് ചെയ്ത് വിറ്റ് കാശാക്കുകയാണ് ചില കച്ചവടക്കാര്‍. തിരൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ് അധികൃതരുടെ അനാസ്ഥ വെളിവായത്. അറുക്കാനായി എത്തിച്ച കന്നുകാലികള്‍ക്ക് കുളമ്പ് രോഗം ശ്രദ്ധയില്‍പെട്ടവര്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആരും അത് കാര്യമാക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്ന ഈ സമയത്തും ഇത്തരം അനാസ്ഥകള്‍ കാണിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം. അംഗീകൃത അറവുശാലകള്‍ പോലും പലപ്പോഴും വേണ്ട വൃത്തിയും ശ്രദ്ധയും കാണിക്കാറില്ല. പരിശോധനകള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചില തട്ടിക്കൂട്ട് വിക്രിയകള്‍ കാണിക്കും. അനധികൃത അറവുശാലകളാകട്ടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. രോഗമുള്ളവയെ സ്വകാര്യ സ്ഥലങ്ങളില്‍ വെച്ച് അറുത്ത് കടകളില്‍ മാംസം കൊണ്ടുവരുന്നു. ചെക്ക് പോസ്റ്റുകളില്ലാത്തയിടങ്ങളിലൂടെ വാഹനങ്ങളില്‍ കുത്തിനിറച്ചും ഉള്ളയിടങ്ങളില്‍ കൈക്കൂലി കൊടുത്തും കന്നുകാലികളെ എത്തിക്കുന്നു. ചില സ്ഥലങ്ങളില്‍ ആളുകാണാനായി നല്ല ഒരു മൃഗത്തെ കെട്ടിയിടുകയും മാംസം മറ്റുള്ളവയുടേത് നല്‍കുകയും ചെയ്യും. ശ്രദ്ധയില്‍പെടുമ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് ഇത്തരം നിയമലംഘനം തടയാറുണ്ട്.