കാസ്പിയന്‍ മണല്‍കോഴിയെ കേരളത്തില്‍ കണ്ടെത്തി

Posted on: September 22, 2013 11:41 pm | Last updated: September 23, 2013 at 8:54 am

Caspian plover - Khaleel chovva-knrകണ്ണൂര്‍: ഇന്ത്യയില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന കാസ്പിയന്‍ മണല്‍കോഴിയെ കേരളത്തില്‍ ആദ്യമായി മാടായിപ്പാറയില്‍ കണ്ടെത്തി. സൈബീരിയയില്‍ പ്രജനനം നടത്തുകയും ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്ന ഈ അപൂര്‍വ ഇനം പക്ഷിയെ ഡോ. ഖലീല്‍ ചൊവ്വയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കണ്ടെത്തിയത്. മെലിഞ്ഞ ആകൃതിയുള്ള കാസ്പിയന്‍ മണല്‍കോഴിയുടെ നേരിയ കൊക്കും പുരികവും മാറിടത്തെ അലങ്കരിക്കുന്ന ചുവന്ന നിറവുമാണ് ഈ പക്ഷിയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. അപൂര്‍വയിനം പക്ഷികള്‍ ദേശാടന വേളയില്‍ മാടായിപ്പാറയെ ഇടത്താവളമാക്കാറുണ്ട്. അത്തരത്തിലൊരു വേളയിലാണ് കാസ്പിയന്‍ മണല്‍കോഴിയും ഇവിടെയെത്തിയതെന്നാണ് പക്ഷി നിരീക്ഷകരുടെ അഭിപ്രായം. കേരളത്തില്‍ ആദ്യമായാണ് ഒരിടത്ത് കാസ്പിയന്‍ മണല്‍കോഴിയെ കണ്ടെത്താനായതെന്ന് പ്രശസ്ത നിരീക്ഷകന്‍ സി ശശികുമാര്‍ പറഞ്ഞു. പി സി രാജീവന്‍, ജയന്‍ തോമസ് എന്നിവരും നിരീക്ഷക സംഘത്തിലുണ്ടായിരുന്നു.