നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത് ബി ജെ പിക്ക് തിരിച്ചടിയാകും -പി രാമകൃഷ്ണന്‍

Posted on: September 22, 2013 8:46 pm | Last updated: September 22, 2013 at 8:46 pm

തൃക്കരിപ്പൂര്‍: ബൂത്ത് തലത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ തൃക്കരിപ്പൂരില്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ പ്രിയദര്‍ശിനി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും നാം സജ്ജരായിരിക്കണം അതിനുള്ള സമയം ഇപ്പോഴാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം എങ്ങിനെ കുറയ്ക്കാമെന്നാണ് ഇടതുപക്ഷം നോക്കുന്നത്. ഇത് ഫലത്തില്‍ ഫാസിസ്റ്റ് ശക്തികളെ സഹായിക്കലാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവര്‍ക്ക് നിരാശപ്പെടെണ്ടിവരും. നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടിയത് ബി ജെ പിക്ക് തിരിച്ചടിയാവുമെന്നു ബി ജെ പി യിലെ ചില നേതാക്കള്‍ പോലും കരുതുന്നു. ദേശീയ ബോധമുള്ള ഇന്ത്യന്‍ ജനത അപകടത്തിലേക്ക് എടുത്ത് ചാടുമെന്ന് ആരും കരുതുന്നില്ല. ചരിത്രം തിരുത്തി മൂന്നാം യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തും -രാമകൃഷ്ണന്‍ പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സി രവി അധ്യക്ഷനായിരുന്നു. സംസ്ഥാന സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട് കെ വെളുത്തമ്പു, കെ പി സി സി സെക്രട്ടറിമാരായ കെ നീലകണ്ഠന്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. കെ കെ രാജേന്ദ്രന്‍, ബ്ലോക്ക് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണന്‍, ഡി സി സി നിര്‍വാഹകസമിതി അംഗം പി വി കണ്ണന്‍ മാസ്റ്റര്‍, നേതാക്കളായ കെ വി വിജയന്‍, വി എം ശ്രീധരന്‍ , സി ദാമോദരന്‍, കെ വി ജതീന്ദ്രന്‍, കെ പി ദിനേശന്‍, കെ വി മുകുന്ദന്‍, പി പി കമറുദ്ദീന്‍, കെ അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.