ഇന്ത്യന്‍ ജയിലുകളില്‍ മാനസിക വൈകല്യമുള്ള 4,470 തടവുകാര്‍

Posted on: September 21, 2013 7:37 am | Last updated: September 21, 2013 at 7:37 am

ന്യൂഡല്‍ഹി: ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിലെ വിവിധ ജയിലുകളില്‍ മാനസിക വൈകല്യമുള്ള 4,470 തടവുപുള്ളികളുണ്ടെന്ന് കണ്ടെത്തല്‍. 2012 ഡിസംബര്‍ 31ന് മുമ്പ് ശേഖരിച്ച കണക്കാണിത്. മെത്തം ജയില്‍ പുള്ളികളുടെ 1.2ശതമാനം വരുമിത്. ഇവരില്‍ കുറ്റവാളികളും വിചാരണ നേരിടുന്നവരും കരുതല്‍ തടവുകാരുമുണ്ട്.
ഒഡീഷയാണ് ഇതില്‍ മുന്നില്‍. ഇവിടെ 496 തടവുകാര്‍ മാനസിക വൈകല്യമുള്ളവരാണ്. ആന്ധ്രയില്‍ 443ഉം ബംഗാളില്‍ 417ഉം കര്‍ണാടകയില്‍ 383ഉം ഡല്‍ഹിയില്‍ 120ഉം മാനസിക വൈകല്യമുള്ള തടവുകാരുണ്ട്. മാനസിക വൈകല്യമുള്ള തടവുപുള്ളികള്‍ 28 സംസ്ഥാനങ്ങളിലെയും ജയിലുകളില്‍ കഴിയുന്നുണ്ട്.
ഇന്ത്യയിലെ 1,394 ജയിലുകളിലായി 3,85,135 തടവുപുള്ളികളാണുള്ളത്. ഇവരില്‍ 95.6 ശതമാനം പുരുഷന്‍മാരും 4.4 ശതമാനം സ്ത്രീകളുമാണ്. എന്നാല്‍ ഇക്കാലയളവില്‍ വിവിധ കേസുകളില്‍പ്പെട്ട 2,20,542പേര്‍ ജയില്‍മോചിതരായിട്ടുണ്ട്. തടവുപുള്ളികളില്‍ 1,27,789 ശിക്ഷിക്കപ്പെട്ടവരും 2,54,857പേര്‍ വിചാരണ നേരിടുന്നവരും 1,922പേര്‍ കരുതല്‍ തടവുകാരുമാണ്. തടവുകാരില്‍ 6,592പേര്‍ വിദേശികളാണ്. യു പിയിലാണ് കൂടുതല്‍ തടവുകാരുള്ളത് 82,311. മധ്യപ്രദേശ് 33,959, ബീഹാര്‍ 28,550. 64,949 പേര്‍ കൊലപാതക കേസുകളിലും 7,009 പേര്‍ ബലാത്സംഗ കേസുകളിലും ശിക്ഷിക്കപ്പെട്ടവരാണ്. 13 സ്ത്രീകള്‍ ഉല്‍പ്പെടെ 414 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണ്. യു പിയില്‍ 106 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുണ്ട്. സ്ത്രീയുള്‍പ്പെടെ കര്‍ണാടകയില്‍ 63, അഞ്ച് സ്ത്രീകളടക്കം മഹാരാഷ്ട്രയില്‍ 46, ഡല്‍ഹിയല്‍ നാല് സ്ത്രീകളടക്കം 27 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണ്. കഴിഞ്ഞ വര്‍ഷം 55 സ്ത്രീകളടക്കം 1,471 പേര്‍ ജയിലില്‍ മരിച്ചു. ഇവരില്‍ 126 പേരുടെത് അസ്വാഭാവിക മരണമാണ്. എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 87 പേര്‍ ആത്മഹത്യ ചെയ്തു. തടവുപുള്ളികളില്‍ 1580 പേര്‍ ബിരുദാനന്തര ബിരുദമുള്ളവരാണ്. തടവുകാര്‍ ജോലി ചെയ്തതിലൂടെ ഡല്‍ഹി 28.85 കോടിയും, ബീഹാര്‍ 17.8 കോടിയും യുപി 14.56 കോടിയും കേരളം 12.55 കോടിയും വരുമാനമുണ്ടാക്കി. 344 സ്ത്രീ തടവുകാരുടെ 382 കുട്ടികളും 1226 സ്ത്രീ വിചാരണ തടവുകാരുടെ 1397 കുട്ടികളും ജയില്‍ വാസികളായി ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും സര്‍വേ പറയുന്നു.