പൊതുജന സമ്പര്‍ക്ക പരിപാടി മുന്നിയൂരില്‍

Posted on: September 21, 2013 1:38 am | Last updated: September 21, 2013 at 1:38 am

മലപ്പുറം: കേന്ദ്രാവിഷ്‌കൃത വികസന – ക്ഷേമ പദ്ധതികളെ കുറിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടത്തുന്ന ‘ഭാരത് നിര്‍മാണ്‍’ പൊതുജന സമ്പര്‍ക്ക പരിപാടി ഈമാസം 25 മുതല്‍ 27 വരെ മുന്നിയൂരില്‍ നടക്കും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഡയറക്റ്ററേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി, കേന്ദ്ര പരസ്യ – ദൃശ്യ പ്രചാരണ വിഭാഗം, സോങ് ആന്‍ഡ് ഡ്രാമാ ഡിവിഷന്‍, ആകാശവാണി, ദൂരദര്‍ശന്‍ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്.
25ന് രാവിലെ 10ന് താഴെ ചേളാരി ലിബര്‍ട്ടി ഹാളില്‍ കേന്ദ്ര വിദേശ്യകാര്യ സഹമന്ത്രി ഇ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സെമിനാര്‍ ഉച്ചക്ക് രണ്ടിന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10ന് സൗജന്യ അലോപ്പതി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധനയും അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30ന് ‘പോഷകാഹാരം’ സെമിനാര്‍ പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.
27ന് രാവിലെ 10ന് ‘വിവരാവകാശം’ സംബന്ധിച്ച സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്യും. 11.30ന് ന്യൂനപക്ഷ ക്ഷേമ പരിപാടികള്‍, ആനുകൂല്യ വിതരണം എന്നീ വിഷയങ്ങളിലെ ക്ലാസും ചര്‍ച്ചയും നടക്കും. ഉച്ചയ്ക്ക് 1.30ന് സ്ത്രീ ശാക്തീകരണം സെമിനാര്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. പി. കുല്‍സു ഉദ്ഘാടനം ചെയ്യും. അങ്കണവാടി – കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ക്വിസ് മത്സരം മൂന്നിന് നടക്കും. ഉച്ചതിരിഞ്ഞ് 3.30 ന് സമാപന സമ്മേളനത്തില്‍ നഗരകാര്യ ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയാവും. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. 25,26 തീയതികളില്‍ വൈകീട്ട് നാല് മുതല്‍ കലാ – സാംസ്‌കാരിക പരിപാടികള്‍ നടക്കും.