കേരള റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: സൂര്യപ്രഭക്ക് സംസ്ഥാന റെക്കോര്‍ഡ്

Posted on: September 21, 2013 12:08 am | Last updated: September 21, 2013 at 12:08 am

പാലക്കാട്: നാല്‍പ്പത്തിയാറാമത് കേരള റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടിന്റെ സൂര്യപ്രഭക്ക് സംസ്ഥാന റെക്കോര്‍ഡ്. പീസ് സ്‌ട്രൈക്ക് സീനിയര്‍, ജൂനിയര്‍ ഇനങ്ങളിലാണ് സൂര്യപ്രഭ 400ല്‍ 398 പോയിന്റുകള്‍ നേടി റെക്കോര്‍ഡ് കരസ്ഥമാക്കിയത്. രണ്ടാംദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയരായ പാലക്കാട് ഏറെ മുന്നിലാണ്. റൈഫിള്‍, എയര്‍ റൈഫിള്‍ ഇനങ്ങളിലും പാലക്കാട് തന്നെയാണ് മുന്നില്‍.
വ്യാഴാഴ്ച തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ 268 ഷൂട്ടര്‍മാരാണ് മാറ്റുരയ്ക്കുന്നത്. മത്സരത്തിന്റെ രണ്ടാംനാളായ ഇന്നലെയും മത്സരങ്ങള്‍ പുരോഗമിച്ച് വരികയാണ്. ചാമ്പ്യന്മാര്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സമാപനദിവസമായ നാളെ വൈകീട്ട് വരെ കാത്തിരിക്കേണ്ടി വരും.ദേശീയതലത്തില്‍ 2012ല്‍ സ്വര്‍ണവും വെള്ളിയും നേടിയ എലിസബത്ത് സൂസന്‍, നയന്‍താര, ടിബിന്‍ തമ്പി, അഭിജിത്ത് എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ പ്രിയങ്കയും കീര്‍ത്തിയും ഇവര്‍ക്കും തൊട്ടുപിറകിലായും കളത്തില്‍ ഇറങ്ങുന്നുണ്ട്.
എയര്‍ റൈഫിള്‍, .22 റൈഫിള്‍, പിസ്റ്റള്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.