ബൈക്കില്‍ സഞ്ചരിച്ച് മാലകവര്‍ച്ച: രണ്ട് പേര്‍ പിടിയിലായി

Posted on: September 21, 2013 12:07 am | Last updated: September 21, 2013 at 12:07 am

പട്ടാമ്പി: ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന രണ്ടുപേര്‍ പൊലീസ് പിടിയിലായി. തൃത്താല കുമ്പിടി മാടപ്പാട്ട് വീട്ടില്‍ ജിനാസ് (29), തൃത്താല തേനേമഠത്തില്‍ മണികണ്ഠന്‍ (32) എന്നിവരെയാണ് പട്ടാമ്പി സി ഐ, കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ്‌ചെയ്തത്. മണികണ്ഠന്‍ തൃത്താലയിലെ ഓട്ടോ ഡ്രൈവറാണ്.“
ജിനാസ് നേരത്തെ ബസ് ഡ്രൈവറായിരുന്നു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ നിരവധി കവര്‍ച്ചകേസുകളിലെ പ്രതികളാണ് അറസ്റ്റിലായവരെന്ന് ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി, എ ഷറഫുദ്ദീന്‍ പറഞ്ഞു. തൃത്താല മേഴത്തൂരില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. മോഷ്ടിച്ച് വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്ത 48 പവന്‍ സ്വര്‍ണാഭരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായും നാലു കേസുകളിലെ മോഷണമുതല്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ചേലക്കര, മായന്നൂര്‍, പത്തിരിപ്പാല, തൃശൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ മോഷണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇതിനായി ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്ക്കരിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി.