Connect with us

Kerala

ചെറിയതുറ വെടിവെപ്പിനെ ന്യായീകരിച്ച് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

Published

|

Last Updated

കൊച്ചി: ചെറിയതുറ പോലീസ് വെടിവെപ്പിനെ ശക്തമായി ന്യായീകരിച്ച് ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നില്ല വെടിവെപ്പെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 മെയ് 17ന് നടന്ന വെടിവെപ്പിനെ കുറിച്ച് അന്വേഷിച്ച് ജസ്റ്റിസ് രാമകൃഷ്ണന്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ചും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

തിരുവനന്തപുരം ചെറിയതുറയിലെ കടലോര മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും സംഘര്‍ഷം മറ്റ് മേഖലകളിലേക്ക് പടരുന്നത് തടയുന്നതിനുമായി പോലീസിന് വെടിവെക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും അതിനാല്‍ പൊലീസ് നടപടി ന്യായീകരിക്കാവുന്നതാണെന്നുമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് പോലീസ് ആകാശത്തേക്കാണ് കൂടുതലും വെടിവെച്ചതെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോകാതിരുന്നതിനാല്‍ പോലീസിന് അവര്‍ക്ക് നേരെ വെടിവെക്കേണ്ടി വരികയായിരുന്നു.
ഒരു പ്രകോപനവും കൂടാതെ നിരപാധികളായ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെക്കുകയായിരുന്നുവെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ഈ സംഭവങ്ങളില്‍ ഏതെങ്കിലും ബാഹ്യ ശക്തകളുടെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ കമ്മീഷന് ലഭിച്ചിട്ടില്ലെന്നും കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ലഭിച്ച് വിവരങ്ങളുടെ കാര്യത്തില്‍ ഈ ദിശയില്‍ അന്വേഷണം വേണമോയെന്നകാര്യം സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചെറിയതുറയിലുണ്ടായത് വര്‍ഗീയ സംഘര്‍ഷമായി കണാനാവില്ലെന്നും, വര്‍ഗീയമായി പ്രകോപിതരാക്കപ്പെടാന്‍ കഴിയുന്ന രണ്ട് സമുദായങ്ങളില്‍പ്പെട്ടവര്‍തമ്മിലുണ്ടായ സംഘര്‍ഷമാണ് ജീവനും സ്വത്തും നഷ്ടപ്പെടുന്നതിന് വഴിവെച്ചത്. മഹസറുകള്‍ തയ്യാറാക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പല നിഗമനങ്ങളോടും സര്‍ക്കാറിന് യോജിപ്പില്ലെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അംഗീകരിക്കാന്‍ തീരുമാനിക്കുകയാണെന്നും 2012 ഒക്‌ടോബര്‍ 31ന് പുറത്തിറക്കിയ നടപടി ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
ഇതുവരെ സര്‍ക്കാര്‍ പുറത്തുവിടാതെ സൂക്ഷിച്ച റിപ്പോര്‍ട്ട് വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനുവാണ് പുറത്തുകൊണ്ടുവന്നത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചിട്ടില്ലെന്നതിനാല്‍ വിവരാവകാശനിയമ പ്രകാരം നല്‍കാനാവില്ലെന്നായിരുന്നു അദ്യ നിലപാട്.
എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് ആറ് മാസത്തനുള്ളില്‍ അത് നിയമസഭയില്‍ വെക്കണമെന്ന ചട്ടം പാലിക്കാതിരുന്ന സാഹചര്യത്തില്‍ വൈകിയതിനുള്ള കാരണമുള്‍പ്പടെ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാമെന്ന് വ്യക്തമാക്കപ്പെട്ടതോടെയാണ് വിവരാവകാശ നിയമ പ്രകാരം അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചത്.
സംസ്ഥാന നിയമസഭ ചര്‍ച്ചചെയ്യുന്നതിന് മുമ്പ് വിവരാവകാശ നിയമ പ്രകാരം പുറത്തുവന്നതെന്ന ആദ്യ റിപ്പോര്‍ട്ടെന്ന പ്രത്യേകതയും ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനുണ്ട്.

 

Latest