പ്രതിരോധ മരുന്നില്ല; കുട്ടി ഗുരുതരാവസ്ഥയില്‍

Posted on: September 20, 2013 12:54 am | Last updated: September 20, 2013 at 12:54 am

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു. വെള്ളനാട് സ്വദേശിയായ ആറുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, രോഗചികിത്സക്കുള്ള സിറം കേരളത്തില്‍ കിട്ടാനില്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ചികിത്സ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് ആറുവയസ്സുകാരിയെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊണ്ടയില്‍ അണുബാധയുമായി ചികിത്സക്കെത്തിയ കുട്ടിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ ചികിത്സ തുടങ്ങിയെങ്കിലും രോഗപ്രതിരോധത്തിനുള്ള ഡിഫ്തീരിയ സിറം കിട്ടാനില്ലാത്തതിനാല്‍ നില ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെ ഒരു ഞരമ്പിനെ രോഗം കാര്യമായി ബാധിച്ചതിനാല്‍ കുട്ടി ഡിഫ്തീരിയ പരാലിസിസ് എന്ന അവസ്ഥയിലായി. നാഡികളെ ബാധിക്കുന്ന രോഗാണുക്കള്‍ ഹൃദയത്തെ ബാധിച്ചാല്‍ മരണവും സംഭവിക്കാം. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഈ രോഗം വായുവിലൂടെയാണ് പകരുന്നത്. പ്രതിരോധ കുത്തിവെപ്പിലൂടെ നേരത്തെ ഈ രോഗം സംസ്ഥാനത്തുനിന്ന് പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തിരുന്നു. കൃത്യമായ രീതിയില്‍ വാക്‌സിന്‍ നല്‍കാത്തതാണ് രോഗകാരണമെന്നാണ് നിഗമനം. എന്നാല്‍, കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
അത് കൃത്യതയോടെ നടന്നിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങളുടെ പട്ടികയിലാണ് ഡിഫ്തീരിയ. അതിനാല്‍, രോഗത്തിനുള്ള മരുന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങി സൂക്ഷിക്കാറില്ല. രോഗിയുടെ അവസ്ഥ കണക്കിലെടുത്ത് മരുന്നെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ശ്രമിച്ചെങ്കിലും വിലകൂടിയ മരുന്ന് തമിഴ്‌നാട്, കര്‍ണാടക മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുകളിലുമില്ലെന്ന വിവരമാണ് ലഭിച്ചത്.
തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു കമ്പനിയില്‍ നിന്ന് രോഗിയുടെ ബന്ധുക്കള്‍ നേരിട്ട് മരുന്നെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്.
2008 നുശേഷം സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞ മെയില്‍ മലപ്പുറം ജില്ലയില്‍ ഒരു കുട്ടിക്ക് രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പനി, തൊണ്ടയില്‍ പാട വരിക, ടോണ്‍സ് വീക്കം തുടങ്ങിയവയാണ് ഡിഫ്ത്തീരിയയുടെ ലക്ഷണങ്ങള്‍.