മലയോരത്തെ അങ്കണ്‍വാടിയില്‍ അയിത്തം; ആദിവാസി കുട്ടികള്‍ക്ക് ഓണസദ്യ നിഷേധിച്ചു

Posted on: September 20, 2013 12:47 am | Last updated: September 20, 2013 at 12:47 am

കാഞ്ഞങ്ങാട്: മലയോര പ്രദേശത്തെ അങ്കണ്‍വാടിയില്‍ അയിത്തം കല്‍പിച്ച് ആദിവാസി കുട്ടികള്‍ക്ക് ഓണസദ്യ നിഷേധിച്ച വിവരം പുറത്തായതോടെ സംഭവം വിവാദത്തിലേക്ക്.
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പെട്ട ഒരു അങ്കണ്‍വാടിയിലാണ് ആദിവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തിരുവോണദിവസം ഓണസദ്യ നിഷേധിച്ചത്. ഈ അങ്കണ്‍വാടിയില്‍ എല്ലാ തിരുവോണത്തിനും ഓണസദ്യ ഒരുക്കാറുണ്ട്. സദ്യയ്ക്കാവശ്യമായ പച്ചക്കറികളും മറ്റും കുട്ടികള്‍ തങ്ങളുടെ വീടുകളില്‍നിന്നാണ് കൊണ്ടുവരാറുള്ളത്. അങ്കണ്‍വാടിയിലെ കുട്ടികളില്‍ ഭൂരിഭാഗവും ആദിവാസി കുടുംബങ്ങളില്‍നിന്നുള്ളവരാണ്. തിരുവോണദിവസം ഓണസദ്യക്കുള്ള വിഭവങ്ങളുമായി എത്തിയ ആദിവാസി കുട്ടികളോട് നിങ്ങള്‍ കൊണ്ടുവന്ന ഉത്പന്നങ്ങള്‍കൊണ്ട് സദ്യയുണ്ടാക്കാന്‍ കഴിയില്ലെന്നും മറ്റുള്ള കുട്ടികള്‍ക്കും തനിക്കും അത് കഴിക്കാന്‍ സാധ്യമല്ലെന്നും അധ്യാപിക അറിയിക്കുകയായിരുന്നു. ഇതോടെ ഓണസദ്യ നിഷേധിക്കപ്പെട്ട കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. അയിത്തത്തിന്റെ പേരുപറഞ്ഞ് ആദിവാസി കുട്ടികളെ മാറ്റിയതില്‍ പ്രതിഷേധിച്ച് ഇവരുടെ അമ്മമാര്‍ ഇന്നലെ അങ്കണ്‍വാടിയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. ആദിവാസികളെ അപമാനിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.