‘സച്ചിനെ വിരമിക്കാന്‍ ഉപദേശിച്ചിട്ടില്ല’

Posted on: September 19, 2013 8:21 am | Last updated: September 19, 2013 at 8:21 am

ന്യൂഡല്‍ഹി: ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് വിരമിക്കുവാന്‍ നിര്‍ദേശിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ) നിഷേധിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറോടും സന്ദീപ് പാട്ടീലിനോടും വിവരം തിരക്കിയതിന് ശേഷമാണ് ബി സി സി ഐ സീനിയര്‍ ബോര്‍ഡ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമെന്ന് അറിയിച്ചത്.
നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സച്ചിന്‍ ഇരുനൂറ് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഈ വേളയില്‍ സച്ചിന്‍ വിരമിക്കണമെന്ന് ചീഫ് സെലക്ടറുടെ അധികാരമുപയോഗിച്ച സന്ദീപ് പാട്ടില്‍ ഉപാദി മുന്നോട്ടുവെച്ചെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, സച്ചിനെ നേരില്‍ കാണുന്നതില്‍ വളരെയധികം സന്തോഷിക്കുന്ന വ്യക്തിയായ തനിക്ക് പത്ത് മാസമായി അദ്ദേഹവുമായി കൂടിക്കാഴ്ചക്ക് സാധ്യമായിട്ടില്ല. ഞാനദ്ദേഹത്തെയും അദ്ദേഹം തന്നെയോ വിളിച്ചിട്ടില്ല. ഒന്നും തന്നെ ചര്‍ച്ച ചെയ്തിട്ടില്ല. ശുദ്ധ അസംബന്ധങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് – സന്ദീപ് പാട്ടീല്‍ പറഞ്ഞു.