Connect with us

Wayanad

പെണ്‍കുട്ടികള്‍ക്ക് ബ്ലൂഫിലിം സി ഡി നല്‍കിയെന്ന് ആരോപണം; വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

Published

|

Last Updated

കല്‍പറ്റ: പെണ്‍കുട്ടികള്‍ക്ക് ബ്ലൂഫിലിം സീഡി നല്‍്കിയെന്നാരോപിച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി ആരോപണം.
വെള്ളാര്‍മല സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനൂപിനെയും ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അന്‍സാദിനെയുമാണ് ഒരു സംഘം ആളുകള്‍ മര്‍ദിച്ചതെന്ന് അനൂപിന്റെ അച്ചന്‍ ചൂരല്‍മല മൂലവളപ്പില്‍ എം എല്‍ ഷാജു, മുഹമ്മദ് അന്‍സാദിന്റെ സഹോദരന്‍ മുഹമ്മദ് അന്‍സീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിപിലാഷ് (ചെണ്ണി) എന്ന കുട്ടി സെപ്റ്റംമ്പര്‍ 11 ന് മുഹമ്മദ് അന്‍സാദിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ച നാല് സീഡികളില്‍ രണ്ടെണ്ണം അനൂപിനെ ഏല്‍പിക്കുകയും ചെയ്തു. ഈ സീഡികള്‍ അനൂപ് ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് കൊടുത്തു എന്ന് ആരോപിച്ച് അന്നേ ദിവസം ഉച്ചകഴിഞ്ഞ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന അനൂപിനെയും മുഹമ്മദ് അന്‍ഷാദിനെയും ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് മണിക്കൂറുകളോളം മര്‍ദിച്ചു.

സ്‌കൂള്‍ മുറ്റത്തും വരാന്തയിലും വച്ചുമാണ് ഇവരെ മര്‍ദ്ദിച്ചത്. ഈ വിവരം അറിഞ്ഞെത്തിയ അനൂപിന്റെ അച്ഛന്‍ ഷാജുവിന്റെ മുന്നില്‍ വച്ചും അനൂപിനെ മര്‍ദ്ദിച്ചു. ഷാജുവിനെയും ഇവരുടെ മര്‍ദ്ദനത്തിന് ഇരയായി. വൈകുന്നേരം എത്തിയ പോലീസ് അനൂപിനെയും മുഹമ്മദ് അന്‍ഷാദിനെയും ജീപ്പില്‍ കയറ്റി സീഡി നല്‍കിയ വിപിലാഷിന്റെ വീട്ടില്‍ പോവുകയും ചെയ്തു. പോലീസ് ജീപ്പില്‍ വച്ച് പോലീസുകാരുടെ അഭാവത്തില്‍ മുഹമ്മദ് അന്‍സാദിനെ കരീം എന്നയാള്‍ മര്‍ദിച്ചു. എന്നാല്‍ സീഡിയുടെ ഉറവിടം കണ്ടെത്തുന്നതിനോ കൈവശം വച്ചയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനോ പോലീസ് തയാറായിട്ടില്ല. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥികളെ രാത്രി മുഴുവന്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും അടുത്ത ദിവസം സ്‌കൂളില്‍ നിന്നും ടിസി വാങ്ങിവന്നാല്‍ പറഞ്ഞയക്കാമെന്നും എസ്‌ഐ പറഞ്ഞു. പിന്നീട് മുഹമ്മദ് അന്‍സാദിന്റെ ടിസി ലഭിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.

കുട്ടികള്‍ക്ക് മര്‍ദ്ദനം ഏറ്റിട്ടും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും പോലീസ് തയാറായില്ല. അടുത്ത ദിവസം വീട്ടിലെത്തിയ അനൂപിന്റെ കാഴ്ച മങ്ങുകയും ശരീരത്തില്‍ നീര് കാണപ്പെടുകയും ചെയ്തു. രക്തം ഛര്‍ദിക്കുകയും മലത്തിലും മൂത്രത്തിലും രക്തം കാണപ്പെടുകയും ചെയ്തു. തുടര്‍ന്ന് കല്‍പറ്റയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അനൂപും മുഹമ്മദ് അന്‍സാദും ഇപ്പോള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളില്‍ അധിക്രമിച്ച് കയറി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെയും മര്‍ദ്ദനം കണ്ടുനിന്ന ഹെഡ്മാസ്റ്റര്‍ക്കെതിരെയും കലേഷ്, ഉണ്ണി എന്നീ അധ്യപകര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. സ്റ്റഷനില്‍നിന്നും വീട്ടിലേക്ക് പോകുംവഴി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്ക് നീലച്ചിത്ര സിഡി നല്കിയവര്‍ക്കെതിരെയും നടപടി വേണം. നീലച്ചിത്ര സീഡിയുടെ ഉറവിടം കണ്ടെത്തണം. അനൂപിന്റെ മാതാവ് യമുന, മുഹമ്മദ് അന്‍സാദിന്റെ വല്യമ്മ മേപ്പാടി നാറാംകുന്നത്ത് കദീജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.