പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ കുവൈത്തില്‍ പിടികൂടി

Posted on: September 19, 2013 12:33 am | Last updated: September 19, 2013 at 12:33 am

തലശ്ശേരി: പ്രണയം നിരസിച്ച വൈരാഗ്യത്തിന് മാതാവിന്റെ കണ്‍മുന്നില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ കുവൈത്ത് പോലീസ് പിടികൂടി ജയിലിലടച്ചു. എരഞ്ഞോളി മോറക്കുന്ന് തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് അഫ്‌സല്‍ എന്ന താജുദ്ദീനെയാണ് പരിചയക്കാര്‍ തിരിച്ചറിഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ തലശ്ശേരിയിലെത്തിക്കാനുള്ള ശ്രമം കേരള പോലീസ് ആരംഭിച്ചു. കൊലക്കേസില്‍ പിടിയിലായ അഫ്‌സല്‍ ജാമ്യത്തിലായിരുന്നു. കേസ് വിചാരണ തുടങ്ങാനിരിക്കെയാണ് വ്യാജ പേരില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ബംഗളൂരു വഴി കുവൈത്തിലേക്ക് രക്ഷപ്പെട്ടത്. ഗള്‍ഫിലേക്ക് മുങ്ങിയ കൊലയാളിയെ നാട്ടിലെത്തിക്കണമെന്നപേക്ഷിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് വിചാരണാ കോടതിയിലും ജില്ലാ പോലീസ് മേധാവിക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി ഉണ്ടായില്ല. ഇതിനിടയിലാണ് കുവൈത്തിലുള്ള തലശ്ശേരിക്കാര്‍ അഫ്‌സലിനെ തിരിച്ചറിഞ്ഞ് വിവരം പോലീസിന് നല്‍കിയത്.

2004 ജനുവരി 23നാണ് ചിറക്കരയിലെ വിദ്യാര്‍ഥിനിയെയാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ അഫ്‌സല്‍ കുത്തിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്ത് മാതാവിന്റെ കണ്‍മുന്നിലായിരുന്നു ക്രൂരത. വിചാരണക്ക് ഹാജരാകാത്ത പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഗള്‍ഫിലെ നിയമ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് തലശ്ശേരി പോലീസ്.