Connect with us

Kannur

ടി എന്‍ പ്രതാപനെക്കുറിച്ച് എ പി അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം വിവാദമാകുന്നു

Published

|

Last Updated

കണ്ണൂര്‍: ടി എന്‍ പ്രതാപന്‍ എം എല്‍ എയെക്കുറിച്ച് എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ ഒരു ആഴ്ചപതിപ്പില്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസില്‍ വിവാദമാകുന്നു.

ടി എന്‍ പ്രതാപന്‍ എം എല്‍ എയെ കണ്ടാല്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ മേനകാഗാന്ധി വെടിവെച്ചു കൊല്ലുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു ആഴ്ചപതിപ്പില്‍ എ പി അബ്ദുല്ലക്കുട്ടി എഴുതിയ കത്തിലെ പരാമര്‍ശം. ഒരു കോണ്‍ഗ്രസ് എം എല്‍ എക്കെതിരെ മറ്റൊരു കോണ്‍ഗ്രസ് എം എല്‍ എ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയങ്ങാടിയിലെ മണല്‍ കടത്തിനെതിരെ ജസീറ നടത്തുന്ന സമരത്തെക്കുറിച്ച് ഇതേ ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയുമായി ബന്ധപ്പെട്ടാണ് അബ്ദുല്ലക്കുട്ടിയുടെ പ്രതികരണമുണ്ടായത്. വീട്ടിലും തിരുവനന്തപുരത്തെ എം എല്‍ എ ക്വാര്‍ട്ടേഴ്‌സിലും താന്‍ നടത്തുന്ന കൃഷിയെക്കുറിച്ചും വെച്ചുപിടിപ്പിക്കുന്ന മരങ്ങളെക്കുറിച്ചും അബ്ദുല്ലക്കുട്ടി ആഴ്ചപതിപ്പിലെ പ്രതികരണത്തില്‍ എടുത്തു പറയുന്നു.
അതേസമയം പരിസ്ഥിതി വാദിയായ ടി എന്‍ പ്രതാപന്‍ എം എല്‍ എ യുടെ വീട്ടില്‍ ഒരു തുളസിത്തറ പോലുമില്ലെന്നാണ് അബ്ദുല്ലക്കുട്ടിയുടെ പരിഹാസം. പ്രതാപന്‍ പക്ഷികളെ ഇരുമ്പുകൂട്ടില്‍ തടവിലാക്കിയിരിക്കുകയാണ്. ഇതുകണ്ടാല്‍ മേനകാ ഗാന്ധി പ്രതാപനെ വെടിവെച്ചു കൊല്ലുമെന്നും അബ്ദുല്ലക്കുട്ടി പറയുന്നു.
ആറളം ഫാം കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയതിനെതിരെയും അബ്ദുല്ലക്കുട്ടി വിമര്‍ശിക്കുന്നുണ്ട്. ആറളം ഫാം ആദിവാസികള്‍ക്ക് നല്‍കിയതോടെ ഫാം നശിച്ചുവെന്നും അബ്ദുല്ലക്കുട്ടി പറയുന്നു. വെളിച്ചവും വഴിയും തടയുന്നതാണ് പരിസ്ഥിതി പ്രസ്ഥാനമെങ്കില്‍ അത്തരക്കാര്‍ക്ക് താന്‍ എതിരാണെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ജസീറയുടെ സമരത്തെ ന്യായീകരിച്ച് ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിക്കെതിരെ “മോളേ ജസീറാ, കടപ്പുറത്ത് പൂഴിയിറക്കരുത്” എന്ന തലക്കെട്ടോടു കൂടിയാണ് അബ്ദുല്ലക്കുട്ടിയുടെ കത്ത് പ്രസിദ്ധീകരിച്ചത്.

Latest