എസ് എസ് എഫ് സാഹിത്യോത്സവിന് നാളെ മണ്ണാര്‍ക്കാട്ട് തുടക്കം

Posted on: September 19, 2013 5:00 pm | Last updated: September 19, 2013 at 5:58 pm
SHARE

sahityo logoപാലക്കാട്: കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് എസ് എഫ്) സംസ്ഥാന സാഹിത്യോത്സവിന് നാളെ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും. നാളെയും ശനിയാഴ്ചയുമായി നടക്കുന്ന സാഹിത്യോത്സവില്‍ യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ 1902 പ്രതിഭകള്‍ പങ്കെടുക്കും.
ഇരുപതാമത് സാഹിത്യോത്സവിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പതിനായിരം കലാമത്സരങ്ങള്‍ക്ക് സമാപനം കുറിച്ചാണ് സംസ്ഥാന തല മത്സരം നടക്കുന്നത്. 14 ജില്ലകളിലും നീലഗിരിയിലും സാഹിത്യോത്സവുകള്‍ പൂര്‍ത്തിയായതായും സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, സ്വാഗത സംഘം കണ്‍വീനര്‍ എം വി സിദ്ദീഖ് സഖാഫി, സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സബ് ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ് വിഭാഗങ്ങളിലായി 84 ഇനങ്ങളില്‍ പത്ത് വേദികളിലായി മത്സരങ്ങള്‍ നടക്കും. സാഹിത്യോത്സവ് വിളംബരം ചെയ്തുകൊണ്ട് വര്‍ണാഭമായ സംസ്‌കാരിക ഘോഷയാത്ര നാളെ വൈകീട്ട് മൂന്നിന് മണ്ണാര്‍ക്കാട് ടൗണില്‍ നടക്കും. വിവിധ ജില്ലാ ഘടകങ്ങള്‍ അവതരിപ്പിക്കുന്ന പ്ലോട്ടുകള്‍ സംസ്‌കാരിക ഘോഷയാത്രക്ക് മിഴിവേകും.
ഇന്ന് വൈകീട്ട് ഏഴിന് സാഹിത്യോത്സവ് നഗരിയില്‍ നടക്കുന്ന സാഹിത്യ സദസ്സ് കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ശിഹാബുീദ്ദീന്‍ പൊയ്ത്തുംകടവ്, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, കെ പി എസ് പയ്യനെടം, പി വി അഹ്മദ് കബീര്‍ പ്രസംഗിക്കും. കലാസാഹിത്യ രംഗത്ത് ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കാനും ഗുണമേന്മ കേന്ദ്രീകൃതമായ മത്സര സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുമാണ് എസ് എസ് എഫ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 1993 ലാണ് സാഹിത്യോത്സവ് തുടങ്ങിയത്. ഭാഷാ പ്രസംഗങ്ങള്‍, രചനാമത്സരങ്ങള്‍, ക്വിസ്, മാപ്പിള കലാരൂപങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. മാപ്പിള കലകളുടെ തനത് രൂപവും സാസ്‌കാരിക തനിമയും സംരക്ഷിക്കുന്നതിന് സാഹിത്യോത്സവ് പ്രത്യേക പരിഗണന നല്‍കി വരുന്നു. ഇസ്‌ലാമിക പാരമ്പര്യ കലാ സൃഷ്ടികളായ മാലപ്പാട്ടുകള്‍, ബുര്‍ദ, മൗലിദുകള്‍ തുടങ്ങിയവയിലും മത്സരമുണ്ടാകും. ഡിജിറ്റല്‍ ഡിസൈനിംഗ്, ഡോക്യൂമെന്ററി നിര്‍മാണം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ തുടങ്ങിയവയിലും മത്സരം നടക്കും. വൈജ്ഞാനികവും രചനാത്മകവുമായ മത്സരയിനങ്ങള്‍ക്കാണ് സാഹിത്യോത്സവ് പ്രധാന്യം നല്‍കുന്നത്. മാപ്പിളാ കലാരംഗത്തെ മികച്ച സേവനങ്ങളര്‍പ്പിച്ച വ്യക്തികള്‍ക്ക് നല്‍കുന്ന സാഹിത്യോത്സവ് അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ജേതാവിനെ സാഹിത്യോത്സവ് നഗരിയില്‍ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് ജേതാവ് പോക്കര്‍ കടലുണ്ടിക്കുള്ള അവാര്‍ഡ് തുകയും അനുമോദന പത്രവും ഉദ്ഘാടന വേദിയില്‍ വിതരണം ചെയ്യും.
നാളെ വൈകീട്ട് അഞ്ചിന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ഉദ്ഘാടന വേദിയില്‍ മാലപ്പാട്ടുകളുടെ ആത്മീയത, സാഹിത്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും, എം എല്‍ എ മാരായ സി പി മുഹമ്മദ്, ഷാഫി പറമ്പില്‍, എം ഹംസ, വി ടി ബല്‍റാം വിവിധ സെന്‍ഷനുകളില്‍ പങ്കെടുക്കും. 21ന് വൈകീട്ട് മൂന്നിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്യും