വാണിജ്യ രംഗത്തെ കുത്തകകള്‍ക്കെതിരെ ജി സി സിയില്‍ ഏകീകൃത നിയമം

Posted on: September 19, 2013 6:00 am | Last updated: September 18, 2013 at 11:30 pm

മസ്‌കത്ത്: വാണിജ്യ, വ്യവസായ മേഖലയിലെ കുത്തകവത്കരണത്തിനെതിരെയും സ്ഥാപനങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജി സി സി രാജ്യങ്ങളില്‍ ഏകീകൃത നിയമം വരുന്നു. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കിടയില്‍ മത്സരം കൊണ്ടുവരുന്നതിനും എന്നാല്‍ ആധിപത്യം അവസാനിപ്പിക്കുന്നതുമാണ് നിര്‍ദിഷ്ട നിയമം.

മത്സരങ്ങളെ ആരോഗ്യകരമാക്കുന്നതിനൊപ്പം മുന്‍വിധികള്‍ ഒഴിവാക്കിക്കൊണ്ടും എല്ലാ കമ്പനികള്‍ക്കും ഒരു പോലെ വിപണിയില്‍ നില്‍ക്കാന്‍ കഴിയും വിധവുമായിരിക്കും നിയമമെന്ന് അധികൃതരെ ഉദ്ധരിച്ച് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ ഗള്‍ഫ് നാടുകളിലെയും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാക്കും. തയാറാക്കിയ നിയമത്തിന്റെ കരടില്‍ ചില രാജ്യങ്ങള്‍ ഭേദഗതി നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് നിയണം അന്തിമമാക്കുക.
ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയവുമായും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സുമായും സഹകരിച്ച് നിയമം കൊണ്ടുവരാന്‍ താത്പര്യമെടുത്തത്. നിയമ മന്ത്രാലയമാണ് കരടു നിയമം തയ്യാറാക്കിയത്. ബന്ധപ്പെട്ട അതോറിറ്റികള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്ന നിയമത്തിന്റെ കരട് കൂടുതല്‍ പരിശോധനക്കായി ഗള്‍ഫ് നാടുകള്‍ക്കു കൈമാറും. ഉത്പന്നങ്ങളുടെ ഗുണനിലവാരം, സേവനങ്ങളിലെ മികവ്, വ്യാപാരത്തിലെ ലളിതവത്കരണം എന്നിവയും കൊണ്ടു വരും. ദേശീയ നിയം ദേശീയാടിസ്ഥാനത്തിലും ഗള്‍ഫ് നിയമം എല്ലാ ഗള്‍ഫ് നാടുകള്‍ക്കും ബാധകമാകുന്ന രീതിയിലും രണ്ടു വിഭാഗമായാണ് നിലവില്‍ വരിക.