ബീഹാറിലെ ജനപ്രതിനിധിക്ക് കേരളത്തില്‍ കൂലിപ്പണി

Posted on: September 18, 2013 11:29 pm | Last updated: September 18, 2013 at 11:29 pm

alam (beehar)-knrപാനൂര്‍: പഞ്ചായത്ത് യോഗത്തിന് കൃത്യമായി ഹാജരാകുന്ന ബീഹാര്‍ കിസാന്‍ ക്ലബ്ബ് ജില്ലയിലെ അബ്‌നൂര്‍ ആലമെന്ന 33കാരന് ‘അഭയം’ മലയാള നാട്. പട്ടിണിയും പരിവട്ടവും നിറഞ്ഞ ജീവിതത്തില്‍ നിന്ന് രക്ഷ നേടാന്‍ കേരളത്തില്‍ കൂലിപ്പണിയെടുക്കുകയാണ് കഴിഞ്ഞ ഏതാനും നാളുകളായി ബീഹാറിലെ പഞ്ചായത്ത് അംഗം. ബീഹാറിലെ മഹേഷ് ബന്ദ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിനെയാണ് ആലം പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ പത്ത് വോട്ടിന് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസുകാരനായ ആലം ജയിച്ചുകയറിയത്.
നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതുപ്രവര്‍ത്തനത്തിനുമായി മുന്നിട്ടിറങ്ങിയപ്പോള്‍ തന്റെ കുടുംബം പട്ടിണിയിലാകുന്ന അവസ്ഥ കൂടിയുണ്ടായപ്പോഴാണ് ആലം കേരളത്തിലേക്ക് തിരിച്ചത്. മാര്‍ബിളുമായി ബന്ധപ്പെട്ട നിര്‍മാണ ജോലികളാണ് ഇവിടെ ഏറ്റെടുത്ത് നടത്തുന്നത്. ജോലിക്കായി പലയിടത്തും സഞ്ചരിക്കുമ്പോള്‍ കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ ഇദ്ദേഹം മറക്കാറില്ല. തങ്ങളുടെ നാട്ടിലുള്ളതിനെക്കാള്‍ എത്രയോ മികച്ച പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് ആലമിന്റെ അഭിപ്രായം. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളാണ് തന്റെ നാട്ടിലുള്ളത്. തന്റെ വാര്‍ഡില്‍ വൈദ്യുതിയെത്തിക്കാനും മറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി ഇദ്ദേഹം പറയുന്നു. എന്തായാലും ജോലി ചെയ്യുന്നതിനിടെ രണ്ട് മാസത്തിലൊരിക്കലെങ്കിലും നാട്ടിലേക്ക് മടങ്ങി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതുണ്ടെന്നും ആലം പറയുന്നു.