Connect with us

Malappuram

പോലീസുകാരന്റെ മരണം; ദുരൂഹത വിട്ടൊഴിയാതെ ഒരാണ്ട്

Published

|

Last Updated

കല്‍പകഞ്ചേരി: പൊന്മുണ്ടം മുണ്ടേക്കാടിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോഴും ഇതിന് പിന്നിലെ ദുരൂഹത നീങ്ങിയില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18 നാണ് പേരാമ്പ്ര സ്വദേശിയും വയനാട് എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ എരവട്ടൂര്‍ ഒതയോത്ത് മീത്തല്‍ അഹമ്മദി ( 45) നെ സ്വകാര്യ വ്യക്തിയുടെ അടുക്കള ഭാഗത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്നത്തെ കല്‍പകഞ്ചേരി എസ് ഐ ആയിരുന്ന കെ എസ് ശെല്‍വരാജിന്റെ നേത്യത്വത്തിലുള്ള അഞ്ചംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റ് ജന്മ നാട്ടിലും പൊന്മുണ്ടത്തും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നു.
അന്വേഷണത്തിന്റ് ഭാഗമായി മ്യതദേഹം കണ്ടെത്തിയ കിണര്‍ വറ്റിച്ച് നടത്തിയ പരിശോധനയില്‍ കുട, പാദരക്ഷ, ടോര്‍ച്ച് എന്നിവ കണ്ടെത്തിയിരുന്നു. സംഭവത്തിന് മുമ്പ് ഇയാളെ ഈ ഭാഗത്ത് കണ്ടതായോ ബന്ധുക്കളോ മറ്റോ ഉള്ളതായോ നാട്ടുകാര്‍ക്ക് അറിയില്ല. വഴിയരികിലോ റോഡരികിലോ അല്ലാത്ത കിണറായതിനാല്‍ അബദ്ധത്തില്‍ ചെന്ന് വീഴാന്‍ സാധ്യതയില്ലെന്ന് നാട്ടുകാര്‍ തന്നെ ചൂണ്ടി കാണിക്കുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും സേനയിലെ തന്നെ ഒരംഗത്തിന്റ് മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ പോലീസിന് സാധിക്കാത്തത് ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പൊന്മുണ്ടത്ത് പോലീസുകാരന്‍ എത്തിപ്പെടാനുള്ള സാഹചര്യവും ഇതു വരെ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. മുങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മൃതദേഹം കിണറ്റില്‍ കണ്ടെത്തുന്നതിന് തലേ ദിവസം രാത്രി കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നത്രെ. പിറ്റേന്ന് രാവിലെ കിണറ്റില്‍ ടോര്‍ച്ചും ചെരിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളത്തില്‍ താഴ്ന്ന കിടന്നിരുന്ന മൃതദേഹം ഫയര്‍ഫോഴ്‌സാണ്‍ പുറത്തെടുത്തത്.

Latest