Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം

Published

|

Last Updated

തിരുവനന്തപുരം: ഡീസല്‍ സബ്‌സിഡി ഇല്ലാതായതോടെ കെ എസ് ആര്‍ ടി സി വന്‍ പ്രതിസന്ധിയില്‍. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഒരു ലിറ്റര്‍ ഡീസലിന് 17.40 രൂപയാണ് കെ എസ് ആര്‍ ടി സി അധികമായി നല്‍കേണ്ടി വരുന്നത്. ഗുരുതരമായ ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എണ്ണക്കമ്പനികളുമായും ഇന്ന് ചര്‍ച്ച നടത്തും.
കെ എസ് ആര്‍ ടി സിക്ക് നിലവില്‍ 53.85 രൂപക്കാണ് ഡീസല്‍ ലഭിച്ചിരുന്നതെങ്കില്‍ സബ്‌സിഡി ഇല്ലാതാകുന്നതോടെ ഇത് 71.26 രൂപയായി ഉയര്‍ന്നു. ഒരു ദിവസം 4.2 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ എസ് ആര്‍ ടി സിക്ക് വേണ്ടത്. അങ്ങനെ വരുമ്പോള്‍ ഒരു മാസം 22.60 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും. വര്‍ഷം 271.20 കോടിയുടെ അധിക ബാധ്യതയാണ് ഇത് വഴിയുണ്ടാകുക. നിലവില്‍ കെ എസ് ആര്‍ ടി സിയുടെ പ്രതിമാസ നഷ്ടം നൂറ് കോടിയാണ്. ഡീസല്‍ സബ്‌സിഡി ഇല്ലാതായാതോടെ 22.60 കോടിയുടെ അധിക ബാധ്യത കൂടി വരും. സബ്‌സിഡി കിട്ടുമ്പോള്‍ വിപണി വിലയേക്കാള്‍ ഒരു രൂപ കുറച്ചായിരുന്നു ഡീസല്‍ ലഭിച്ചത്. ഒറ്റയടിക്ക് 17.4 രൂപ കൂടി ഇനി ഒരു ലിറ്ററിന് കൊടുക്കുക കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് താങ്ങാവുന്നതിലുമപ്പുറമാണ്.
ഭീമമായ കടബാധ്യത കെ എസ് ആര്‍ ടി സിയെ ഇപ്പോള്‍ തന്നെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 2007 മുതല്‍ 2012 വരെയുള്ള കണക്കുകളനുസരിച്ച് സര്‍ക്കാറിനും കെ ടി ഡി എഫ് സിക്കും മാത്രം ആയിരം കോടിയിലധികം രൂപ നല്‍കാനുണ്ട്. ഇതിന് പുറമെ എല്‍ ഐ സിയില്‍ നിന്നും ഹഡ്‌കോയില്‍ നിന്നുമെടുത്ത വായ്പകള്‍ വേറെയും. സംസ്ഥാന സര്‍ക്കാര്‍, കെ ടി ഡി എഫ് സി, എല്‍ ഐ സി, ഹഡ്‌കോ എന്നിങ്ങനെ വായ്പ നല്‍കിയ നാല് സ്ഥാപനങ്ങള്‍ക്ക് മാത്രം 1,230 കോടി രൂപയുടെ ബാധ്യതയുണ്ട്. സര്‍ക്കാറിന് നല്‍കാനുള്ളത് 584.63 കോടി രൂപയും കെ ടി ഡി എഫ് സിക്ക് നല്‍കാനുള്ളത് 480.42 കോടിയുമാണ്. ഹഡ്‌കോക്ക് 103 കോടിയും എല്‍ ഐ സിക്ക് 62 കോടിയും നല്‍കാനുണ്ട്. 2007ല്‍ സര്‍ക്കാര്‍ 826. 22 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിരുന്നു. 1990 മുതലുള്ള കടമായിരുന്നു ഇത്.
2007 മുതല്‍ 2011 വരെ കെ എസ് ആര്‍ ടി സി വരുത്തിയ നഷ്ടം 865.71 കോടിയാണ്. 2010, 2011 സാമ്പത്തിക വര്‍ഷം മാത്രം നഷ്ടം 379 കോടി. ഇത് 2013 വരെയാകുമ്പോള്‍ 1,500 കോടിക്കും മുകളിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോര്‍പറേഷന്റെ 6037 ബസുകളില്‍ നിന്ന് സര്‍ക്കാറിന് ഒരു രൂപ പോലും നികുതിയായും ലഭിക്കുന്നില്ല.
സുപ്രീം കോടതി വിധി എതിരായാല്‍ സബ്‌സിഡിയായി ലഭിച്ചുവന്ന തുക തിരിച്ചടക്കാമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ ഉറപ്പിലാണ് ഹൈക്കോടതി കെ എസ് ആര്‍ ടി സിക്ക് അനുകൂലമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇങ്ങനെയാണെങ്കില്‍ മാസങ്ങളായി ലഭിച്ച സബ്‌സിഡി തുകയും തിരിച്ചു നല്‍കേണ്ടി വരും. ഡീസല്‍ സബ്‌സിഡി ഇല്ലാതാകുന്നതോടെ ജലഗതാഗത വകുപ്പും സമാനമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. 23 കോടി രൂപയുടെ അധിക ബാധ്യത ഈ വര്‍ഷം ജലഗതാഗത വകുപ്പിനുമുണ്ടാകും.

ഡീസല്‍ സബ്‌സിഡി നല്‍കേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ സബ്‌സിഡി എടുത്തുകളഞ്ഞ് സുപ്രീം കോടതി ഉത്തരവ്. കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. വിവിധ ഹൈക്കോടതി വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ഇതോടെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് നീങ്ങുന്ന കെ എസ് ആര്‍ ടി സി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നഷ്ടം നികത്താന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെ മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കാവുന്നതാണെന്ന് കോടതി നിര്‍ദേശിച്ചു.
വന്‍കിട ഉപഭോക്താക്കളുടെ ഗണത്തില്‍പ്പെടുത്തിയാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിയുടെ സബ്‌സിഡി പിന്‍വലിച്ചത്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് കെ എസ് ആര്‍ ടി സിക്ക് അനുകൂലമായ വിധി വന്നതിനെ തുടര്‍ന്ന് സബ്‌സിഡി നിരക്കില്‍ എണ്ണക്കമ്പനികള്‍ ഡീസല്‍ ലഭ്യമാക്കിയിരുന്നു. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ വന്‍കിട പൊതുമേഖലാ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന വിവിധ ഹൈക്കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് എണ്ണക്കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കിയ സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
രൂപയുടെ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഇറക്കുമതിയും ഡീസല്‍ വില്‍പ്പനയും മൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന വന്‍ നഷ്ടം കണ്ടില്ലെന്നു നടിക്കാനാകില്ല. നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് കെ എസ് ആര്‍ ടി സിക്കുണ്ടാകുന്ന നഷ്ടത്തിന്റെ പ്രധാന കാരണം. ജീവനക്കാരുടെ എണ്ണക്കൂടുതല്‍, പെന്‍ഷന്‍ നല്‍കുന്നതുമൂലമുള്ള സാമ്പത്തിക ബാധ്യത തുടങ്ങിയവയും നഷ്ടത്തിന് ഇടയാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. ഉയര്‍ന്ന വില നല്‍കി ഡീസല്‍ വാങ്ങേണ്ടി വന്നാല്‍ കെ എസ് ആര്‍ ടി സി അടച്ചുപൂട്ടേണ്ടിവരുമെന്നുമുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. സബ്‌സിഡി ലഭിച്ചില്ലെങ്കില്‍ യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ എസ് ആര്‍ ടി സി വ്യക്തമാക്കിയിരുന്നു. ഡീസലിന്റെ വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ ഇന്ധനച്ചെലവ് പതിന്മടങ്ങ് കൂടിയെന്നും ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അഡ്വക്കറ്റ് ഹാരീസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കില്ല: മന്ത്രി

കൊച്ചി: പ്രതിസന്ധിയിലാണെങ്കിലും കെ എസ് ആര്‍ ടി സി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുകയോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ ഇല്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ്‌സിഡി ഇല്ലാതായതോടെ നഷ്ടം ആയിരം കോടിയാകും. എന്നാല്‍, അതിന്റെ പേരില്‍ പെന്‍ഷനോ വേതനമോ വെട്ടിക്കുറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സൗജന്യ പാസുകളും വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനും നിലനിര്‍ത്തും. ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സി എം ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

Latest