Connect with us

Kerala

മുസാഫര്‍ നഗറിലേക്ക് സി പി എം ദുരിതാശ്വാസമെത്തിക്കും

Published

|

Last Updated

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ സി പി എം ഫണ്ട് ശേഖരിക്കുന്നു. വീടുകളിലും കടകളിലും പൊതുഇടങ്ങളിലും എത്തി ഹുണ്ടിക മുഖാന്തരം ഫണ്ട് സംഭരിക്കും. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലും സമീപ ജില്ലകളിലും ഉണ്ടായ വര്‍ഗീയ കലാപത്തിലെ മരണസംഖ്യ 44ന് മുകളിലാണ്. പരുക്കേറ്റവരും കഷ്ടനഷ്ടമനുഭവിക്കുന്നവരും ആയിരങ്ങളാണ്. കലാപത്തില്‍ അരലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലായി നടന്ന അനിഷ്ട സംഭവങ്ങളും വര്‍ഗീയ കലാപവും ഇന്ത്യയെ ആകെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണെന്ന് സി പി എം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ബി ജെ പി-ആര്‍ എസ് എസ് കുടിലബുദ്ധിയില്‍ രൂപംകൊണ്ടതാണ് വര്‍ഗീയ കലാപം. ഒരു പെണ്‍കുട്ടിയോട് അന്യസമുദായത്തിലെ യുവാക്കള്‍ മോശമായി പെരുമാറിയെന്ന സംഭവത്തെയാണ് വന്‍ വര്‍ഗീയ കലാപത്തിന് വെടിമരുന്നാക്കി മാറ്റിയത്. ഇതിനെ മുസ്‌ലിം- ജാട്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘട്ടനമാക്കി മാറ്റാന്‍ ആര്‍ എസ് എസിന് കഴിഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ഇന്നത്തെ നിലയില്‍ ബി ജെ പിക്ക് കഴിയില്ല. എന്നാല്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ഗീയ കുഴപ്പം ബോധപൂര്‍വം സൃഷ്ടിച്ച് നേട്ടം ഉണ്ടാക്കാനാണ് ആര്‍ എസ് എസ് പദ്ധതി. മോഡിയുടെ നേതൃത്വത്തെ അംഗീകരിക്കാതെ എന്‍ ഡി എ വിടാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയ്യാറായപ്പോള്‍ ബീഹാറിനെ വര്‍ഗീയ കലാപങ്ങളുടെ വിളഭൂമിയാക്കാന്‍ നോക്കി. അതിന്റെ മറ്റൊരു പതിപ്പാണ് മുസാഫര്‍ നഗര്‍ സംഭവങ്ങള്‍. പിന്നാക്ക വിഭാഗവും മുസ്‌ലിം സമുദായവും തമ്മിലുള്ള ഐക്യമാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ അടിത്തറ. ബി ജെ പിയോട് ചങ്ങാത്തം കാട്ടാത്ത സമാജ്‌വാദി പാര്‍ട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കുക എന്ന ലക്ഷ്യം ഈ വര്‍ഗീയ കലാപത്തിന് പിന്നിലുണ്ടെന്നും സി പി എം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.