Connect with us

Kerala

റിസര്‍വ് ബേങ്കിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

Published

|

Last Updated

താമരശ്ശേരി: ഭീമമായ തുക വാഗ്ദാനം ചെയ്ത് റിസര്‍വ് ബേങ്കിന്റെ പേരില്‍ ഇ മെയില്‍ അയച്ച് തട്ടിപ്പ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഇ മെയില്‍ അവാര്‍ഡ് ലഭിച്ചതായും പണം ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു. റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന ഡോ. ഡി സുബ്ബറാവുവും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിന്‍ മൂണും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ദീര്‍ഘകാലമായി അക്കൗണ്ടിലേക്ക് ക്രിഡിറ്റാകാതെ കിടക്കുന്ന സംഖ്യ ക്രഡിറ്റ് ചെയ്യാനുള്ള തീരുമാനമുണ്ടായി. അതിനാല്‍ താങ്കള്‍ക്ക് ലഭിച്ചിട്ടുള്ള ഏഴ് ലക്ഷം ബ്രിട്ടീഷ് പൗണ്ട് എത്രയും പെെട്ടന്ന് താങ്കളുടെ അക്കൗണ്ടിലേക്ക് നല്‍കുകയാണെന്നും അതിനായി തുഛമായ ക്രഡിറ്റിംഗ് ചാര്‍ജ് അടക്കണമെന്നുമാണ് നിര്‍ദേശം. 15,999 രൂപയാണ് അടക്കേണ്ടത്. ഇ മെയില്‍ സന്ദേശം ലഭിച്ച് രണ്ട് ദിവസത്തിനകം. വിശദമായ ബയോഡാറ്റയും പൂരിപ്പിച്ച് നല്‍കണം. ഇത് അയക്കേണ്ട വിലാസമാകട്ടെ സര്‍ക്കാര്‍ മെയില്‍ ഐ ഡിയോട് സാമ്യമുള്ളതും. എന്നാല്‍ സന്ദേശം വന്നിരിക്കുന്നത് മറ്റൊരു ഐ ഡിയില്‍ നിന്നാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറും ലഭ്യമാണ്. റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന ഡോ. ഡി സുബ്ബറാവുവിന്റെ അവ്യക്തമായ ഫോട്ടോയും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഫറിന് പിന്നാലെ പോകുന്നവരെ വലവീശാനുള്ള നീക്കം മനസ്സിലാക്കി റിസര്‍വ് ബേങ്ക് വെബ്‌സൈറ്റില്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ചിലരെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിനു മുന്നില്‍ തലവെച്ചു കൊടുക്കുന്നുണ്ടെന്നാണ് സൂചന. പണം നിക്ഷേപിച്ച് കുടുങ്ങിയവര്‍ മാനഹാനി ഭയന്ന് വിവിരം പുറത്തുപറയുന്നുമില്ല. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കഴിയുമെങ്കിലും പോലീസും ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ല.

Latest