Connect with us

Articles

അതേ ന്യായീകരണങ്ങളുമായി സിറിയക്കെതിരെയും

Published

|

Last Updated

സിറിയയില്‍ സരിന്‍ ഉള്‍പ്പെടെയുള്ള രാസായുധങ്ങളുടെ വന്‍ ശേഖരമുണ്ടെന്നാരോപിച്ചുകൊണ്ടാണ് സാമ്രാജ്യത്വ ശക്തികള്‍ ആ രാജ്യത്തെ കടന്നാക്രമിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ മൂലം സൈനിക നീക്കങ്ങള്‍ യഥേഷ്ടം നടത്താന്‍ ഒബാമ ഭരണകൂടത്തിന് ആകാത്ത സാഹചര്യം താത്കാലികമായി രൂപപ്പെട്ടിട്ടുണ്ട്. റഷ്യയുടെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് സിറിയന്‍ അധിനിവേശ നീക്കങ്ങളില്‍ നിന്ന് അമേരിക്കക്ക് താത്കാലികമായി പിന്തിരിയേണ്ടിവന്നു. അത് ഇസ്‌റാഈലിലെ സയണിസ്റ്റ് ഭരണകൂടത്തെ അസംതൃപ്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജെറൂസലമില്‍ ചെന്ന് നെതന്യാഹുവുമായി ചര്‍ച്ച നടത്തി. സിറിയന്‍ പ്രശ്‌നം ഒബാമ കൈകാര്യം ചെയ്ത രീതിയില്‍ നെതന്യാഹു കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.
ഇസ്‌റാഈലിനെ സന്തോഷിപ്പിക്കാനും സമാശ്വസിപ്പിക്കാനുമായി ഒബാമ പിന്നീട് പ്രഖ്യാപിച്ചത് സമാധാനം താത്കാലികം മാത്രമാണെന്നാണ്. എന്നുവെച്ചാല്‍ സിറിയക്കെതിരായ സൈനിക നീക്കങ്ങള്‍ എപ്പോഴും സംഭവിക്കാം എന്ന്. സിറിയയില്‍ ബഷര്‍ അല്‍ അസദ് ഭരണകൂടം ജനങ്ങള്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ചാണ് അമേരിക്കയുടെ സൈനിക നീക്കം. 2003ല്‍ ഇറാഖിനെ കടന്നാക്രമിക്കാനും കാരണമായി അമേരിക്ക പറഞ്ഞത് അവിടെ മനുഷ്യനാശകാരികളായ ആയുധശേഖരമുണ്ടെന്നായിരുന്നു. ഭൂഗര്‍ഭ പടയറകളില്‍ സദ്ദാം ഹുസൈന്‍ ആണവായുധം ശേഖരിച്ചുവെച്ചിട്ടുണ്ടെന്നായിരുന്നു പ്രചാരണം. ലക്ഷങ്ങളെ കൊന്നൊടുക്കി അറബ് ലോകത്തെ ശക്തനായ ഭരണാധികാരി സദ്ദാം ഹുസൈനെ വധിച്ചതിനു ശേഷമാണ് ഇറാഖില്‍ രാസ, ആണവായുധങ്ങളില്ലെന്ന സത്യം അമേരിക്ക സമ്മതിച്ചത്.
തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പറ്റിയ അബദ്ധമായിരുന്നുവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. തെറ്റായ വിവരങ്ങള്‍ നല്‍കിയ സി ഐ എ മേധാവിയെ സ്ഥാനത്ത് നിന്ന് മാറ്റി അമേരിക്ക ലോകത്തോട് കുറ്റം സമ്മതിച്ചു. പക്ഷേ, അപ്പോഴേക്കും ലോക നാഗരികതയുടെ ആദ്യ ഗേഹമായി പരിഗണിക്കുന്ന ബഗ്ദാദ് ഉള്‍പ്പെടെയുള്ള ഇറാഖിലെ ജനപഥങ്ങള്‍ തകര്‍ന്നുകഴിഞ്ഞിരുന്നു.
ഇതേ പ്രചാരണ തന്ത്രം ഉപയോഗിച്ചാണ് പത്ത് വര്‍ഷത്തിന് ശേഷം മറ്റൊരു പശ്ചിമേഷ്യന്‍ രാജ്യമായ സിറിയയെ അമേരിക്ക ആക്രമിക്കാനൊരുങ്ങുന്നത്. സിറിയക്കെതിരായ ഈ പ്രചാരണത്തിന്റെ അവസാനത്തേത് ആഗസ്റ്റ് 21ന് രാവിലെ ഡമസ്‌കസിനു കിഴക്കുള്ള ഗൗത്ത പ്രദേശത്ത് സിറിയന്‍ സേന രാസായുധങ്ങള്‍ പ്രയോഗിച്ചുവെന്നതാണ്. സരിന്‍ എന്ന വിഷവാതകം ഉപയോഗിച്ച് കൂട്ടക്കുരുതി നടത്തി. ഐക്യരാഷ്ട്രസഭയുടെ രാസായുധ പരിശോധക സംഘം സിറിയന്‍ സര്‍ക്കാറിന്റെ സമ്മതത്തോടെ ആ രാജ്യത്ത് എത്തി 72 മണിക്കൂര്‍ തികയും മുമ്പാണ് ഈ നരഹത്യ എന്നത് ശ്രദ്ധേയമാണ്. 200നും 1300നുമിടയില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ നിഷ്ഠൂര സംഭവം നടന്ന ഉടനെ അമേരിക്കയും നാറ്റോ കൂട്ടാളികളും സിറിയന്‍ സേനയാണ് ഇത് ചെയ്തത് എന്ന് ആരോപണം ഉന്നയിച്ചിരുന്നു.
സിറിയന്‍ സര്‍ക്കാറിനെതിരെ ഒരു തെളിവും ആരോപണമുന്നയിക്കുന്നവര്‍ക്ക് മുന്നോട്ടു വെക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, വിമത സേനയുടെ കൈയില്‍ സരിന്‍ എന്ന രാസായുധം ഉണ്ടെന്നതിന് തെളിവുള്ളതാണ്. അല്‍ഖാഇദ ബന്ധമുള്ള ജാദത്ത് അല്‍ നുസ്‌റ എന്ന വിമത വിഭാഗം അസദിനെയും ശിയാ വിശ്വാസികളെയും കൊന്നൊടുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. വംശീയതയുടെ ചേരിതിരിവ് സൃഷ്ടിച്ച് കലാപം പടര്‍ത്താനാണ് വിമത വിഭാഗങ്ങള്‍ ശ്രമിക്കുന്നത്. സി ഐ എയും മൊസാദും സമര്‍ഥമായി വിമത ഗ്രൂപ്പുകളെ സജ്ജീകരിക്കുന്നതായി വാര്‍ത്തകളും വിവരണങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഒരു ലക്ഷത്തോളം സിറിയക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി. ലക്ഷങ്ങള്‍ അഭയാര്‍ഥികളായി, തുര്‍ക്കിയിലേക്കും ഖത്തറിലേക്കും കൈ നീട്ടുന്നു. സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തുന്നതായി ആരോപിച്ച് സിറിയന്‍ വിമതര്‍ക്ക് ആയുധം എത്തിച്ചുകൊടുക്കുമെന്ന് ജൂണ്‍ 13ന് ഒബാമ പ്രസ്താവിച്ചതോടെയാണ് ആഭ്യന്തര കാലാപം പുതിയ വഴിത്തിരിവിലെത്തിയത്. അതുവരെ ഫ്രീ സിറിയന്‍ ആര്‍മിക്ക് അമേരിക്കയും നാറ്റോ സഖ്യവും ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത് തുര്‍ക്കിയും സഊദിയും വഴിയായിരുന്നു.
എല്ലാ വിധ അന്താരാഷ്ട്ര ഉടമ്പടികളെയും ഉല്ലംഘിച്ചുകൊണ്ട് അമേരിക്കയും സഖ്യകക്ഷികളും സിറിയയെ അസ്ഥിരീകരിക്കുകയും കടന്നാക്രമിക്കുകയുമാണ്. ഇതിനായി നുണപ്രചാരണം അഴിച്ചുവിടുന്നു. സിറിയന്‍ സേന രാസായുധം പ്രയോഗിക്കാനുള്ള സാധ്യത പ്രമുഖ രാസായുധ വിദഗ്ധനും യൂറോപ്യന്‍ യൂനിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് സ്റ്റഡീസിലെ മുന്‍ ഗവേഷകനുമായ ജോണ്‍ വാസ്‌കല്‍ തള്ളിക്കളയുകയാണുണ്ടായത്. അമേരിക്കയും പശ്ചാത്യമാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ശാസ്ത്രീയവും വിശ്വാസ യോഗ്യവുമായ തെളിവുകള്‍ നിരത്താതെ സിറിയക്കെതിരെ വ്യാജ നിര്‍മിതിയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നടത്തുന്നത്. ഈ പ്രചാരണ തന്ത്രം അന്യായമായൊരു അധിനിവേശ ശ്രമത്തിന് ന്യായീകരണം ചമക്കുന്ന അമേരിക്കന്‍ തന്ത്രം മാത്രമാണെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

 

ktkozhikode@gmail.com

Latest