Connect with us

Kerala

നിക്ഷേപ തട്ടിപ്പിലൂടെ കോടികള്‍ വെട്ടിച്ച പയ്യന്നൂര്‍ ബാബുരാജ് വീണ്ടും മുങ്ങി

Published

|

Last Updated

തലശ്ശേരി: ടോട്ടല്‍ ഫോര്‍ യു മോഡലില്‍ ആസൂത്രണം ചെയ്ത നിക്ഷേപ തട്ടിപ്പിലൂടെ 300 കോടിയോളം രൂപ തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ നിന്നും തട്ടിയ പയ്യന്നൂര്‍ മാമ്പലം ബാബുരാജ് പോലീസിനെ വെട്ടിച്ചും നിക്ഷേപകരെ കബളിപ്പിച്ചും ഒരിക്കല്‍ക്കൂടി മുങ്ങി.
തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബാബുരാജ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി ഡി വൈ എസ് പി മുമ്പാകെ രണ്ട് വര്‍ഷം മുമ്പ് കീഴടങ്ങിയിരുന്നു. അന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ തലശ്ശേരിയില്‍ നിന്ന് മാത്രം പത്ത് കോടി സ്വന്തമാക്കിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. തട്ടിപ്പ് സംഖ്യയില്‍ ആറ് കോടി ഇടപാടുകാര്‍ക്ക് തിരിച്ചുനല്‍കിയെന്നും അവകാശപ്പെട്ടു. ബാക്കിയുള്ള നാല് കോടി അമേരിക്കയിലെ ലിബര്‍ട്ടി റിസര്‍ച്ച്, കാലിഫോര്‍ണിയയിലെ പേവാസ് തുടങ്ങിയ വിദേശ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു മൊഴി. എന്നാല്‍ ഇതുസംബന്ധിച്ച പാസ് ബുക്ക്, അക്കൗണ്ട് നമ്പര്‍ തുടങ്ങിയ രേഖകളൊന്നും ബാബുരാജിന് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതൊന്നും പോലീസിന് വിഷയവുമായിരുന്നില്ല.
1978ലെ മണി ലെന്‍േഡഴ്‌സ്, ബേങ്കിംഗ് ആക്ട് സെക്ഷന്‍ നാല്, അഞ്ച് പ്രകാരമാണ് കോടികളുടെ തട്ടിപ്പ് സംഭവത്തിലെ സൂത്രധാരനും പ്രധാനിയുമായ ബാബുരാജിനെതിരെ തലശ്ശേരി പോലീസ് കേസെടുത്തിരുന്നത്. നിസ്സാര കുറ്റമായതിനാല്‍ കോടതിയില്‍ നിന്ന് എളുപ്പത്തില്‍ ജാമ്യവും ലഭിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതിയെ തേടിയെത്തിയ ഇരകള്‍ക്കെല്ലാം നിക്ഷേപ സംഖ്യ മടക്കിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഏതാനും മാസങ്ങളുടെ സാവകാശവും നേടി. കബളിപ്പിക്കപ്പെട്ടവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് അജ്ഞാത കേന്ദ്രത്തിലേക്കുള്ള രക്ഷപ്പെടല്‍. കോടതി നല്‍കിയ ജാമ്യവ്യവസ്ഥ ഏതാനും കാലം പാലിച്ച ബാബുരാജ് പിന്നീടൊരു നാള്‍ സൂത്രത്തില്‍ നാട്ടില്‍ നിന്ന് തടിതപ്പുകയായിരുന്നു. ഇതും പോലീസിന്റെ തിരക്കഥയാണെന്ന് കരുതുന്നവരുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ കുറ്റപത്രം കോടതിയില്‍ എത്തിക്കാനോ തലശ്ശേരി പോലീസിനായില്ല. ഇതോടെ പോലീസിന്റെ ഒത്താശയോടെയാണ് ബാബുരാജ് ഒളിവില്‍ പോയതെന്നുള്ള ആരോപണം വ്യാപകമായി. എന്നാല്‍ തട്ടിപ്പിനിരയായവര്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മറ്റ് വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതിരുന്നതെന്നാണ് പോലീസ് ഭാഷ്യം.

Latest