Connect with us

Gulf

ട്രാം പദ്ധതി നടത്തിപ്പ് സെര്‍ക്കോയ്ക്ക്‌

Published

|

Last Updated

ദുബൈ: അടുത്ത വര്‍ഷം ദുബൈയില്‍ ആരംഭിക്കുന്ന ട്രാം പദ്ധതിയുടെ നടത്തിപ്പ് അവകാശം ബ്രിട്ടീഷ് കമ്പനിയായ സെര്‍ക്കോക്ക്. ഇതുസംബന്ധിച്ച കരാറില്‍ ആര്‍ ടി എയുമായി സെര്‍ക്കോ ഒപ്പിട്ടു. 15 മാസത്തെ നടത്തിപ്പും അതിനു മുന്നോടിയായുള്ള ഒരുക്കങ്ങളും ഉള്‍പ്പെടെ 75 മാസത്തേക്കാണ് കരാര്‍. ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, പരിശീലനം എന്നിവ സെര്‍ക്കോ നിര്‍വഹിക്കും. ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായറും സെര്‍ക്കോ സി ഇ ഒ ഡേവിഡ് കാമ്പ്‌ബെല്ലുമാണ് ഒപ്പിട്ടത്. 10.5 കോടി ദിര്‍ഹമിന്റേതാണ് കരാറെന്ന് മത്താര്‍ അല്‍ തായര്‍ പറഞ്ഞു. പരിപാലന ചുമതല ആള്‍സ്റ്റോം-ബെസിക്‌സ് കണ്‍സോര്‍ട്ടിയത്തിനാണ്.
ദുബൈയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ട്രാം. ഏറ്റവും സുരക്ഷിതത്വത്തോടെ കൈകാര്യം ചെയ്യണമെന്നും ആര്‍ ടി എക്ക് നിര്‍ബന്ധമുണ്ട്.
ലണ്ടന്‍, ഫ്രാന്‍സ്, ആസ്‌ത്രേലിയ, കൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ ട്രാം സേവനം സ്വകാര്യ കമ്പനികളാണ് നിര്‍വഹിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്ത പദ്ധതിയാണിത്.
ജുമൈറ ബീച്ച്, മറീന, സുഫൂഹ് മേഖലകളെ ബന്ധിപ്പിക്കാനാണിത്. ഈ വര്‍ഷം ഡിസംബറില്‍ പരിശോധനാ യാത്ര നടക്കും. 2014 നവംബറില്‍ ഉദ്ഘാടനം ചെയ്യും.
14.6 കിലോമീറ്ററിലാണ് ട്രാം സര്‍വീസ് ഉണ്ടാവുക 10.6 കിലോമീറ്ററാണ് ഒന്നാം ഘട്ടത്തില്‍. 17 സ്‌റ്റേഷനുകളില്‍ 11 എണ്ണം ഒന്നാം ഘട്ടത്തില്‍ തുറക്കും. ദിവസം 27,000 യാത്രക്കാരെ വഹിക്കാന്‍ കഴിയും. ഭൂഗര്‍ഭ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ ആദ്യ ട്രാം സര്‍വീസായിരിക്കും ദുബൈയിലേതെന്നും മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
മെട്രോ ട്രെയിന്‍ പദ്ധതി നടത്തിപ്പും സെര്‍ക്കോക്കാണ്. ട്രാം പദ്ധതിക്കുള്ള റിക്രൂട്ട്‌മെന്റ് സെര്‍ക്കോ ഉടന്‍ തുടങ്ങുമെന്ന് കാസ്‌ബെല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest