Connect with us

Gulf

ജുമൈറയിലെ ഗതാഗത കുരുക്കഴിയാന്‍ എട്ടാഴ്ച കൂടി

Published

|

Last Updated

ദുബൈ: 45 കോടി ദിര്‍ഹം മുടക്കി നടക്കുന്ന റോഡ് വികസന പദ്ധതികളുടെ ഭാഗമായി ജുമൈറ ലെയ്ക്ക് ടവേഴ്‌സ് മേഖലയില്‍ അനുഭവപ്പെടുന്ന ഗതഗാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാവാന്‍ ഇനിയും എട്ടാഴ്ച എടുക്കുമെന്ന് ജുമൈറ ലേയ്ക്ക് ടവേഴ്‌സ് മേഖലയെ നിയന്ത്രിക്കുന്ന ദുബൈ മള്‍ട്ടി കമോഡിറ്റീസ് സെന്റര്‍ അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.
ഗതാഗതം സുഗമമാക്കാന്‍ ഏഴ് മേല്‍പ്പാലങ്ങളുടെ ജോലികളാണ് ഇവിടെ ആര്‍ ടി എയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ശൈഖ് സായിദ് റോഡിനെ അല്‍ ഖൈല്‍ റോഡുമായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുമായും കൂട്ടിയിണക്കുന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. റോഡ് പണി കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ മേഖലയില്‍ താമസിക്കുന്നവര്‍ ഗതാഗതക്കുരുക്കിനാല്‍ പൊറുതിമുട്ടുകയാണ്.
മേഖലയിലൂടെ പുറത്തേക്ക് പോകുന്നതും മറ്റും താമസക്കാര്‍ക്ക് നിലവില്‍ പേടിസ്വപ്‌നമാണ്. ഗതാഗതക്കുരുക്കില്‍ അകപ്പെട്ടാല്‍ യാത്ര ലക്ഷ്യത്തിലെത്താറില്ലെന്ന് ഇവിടുത്തുകാര്‍ വ്യക്തമാക്കുന്നു. ഗതാഗതക്കുരുക്കില്‍ സഹികെട്ട് ചിലരെല്ലാം ഈ മേഖലയില്‍ നിന്നും മാറിത്താമസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് താമസക്കാര്‍ കുറച്ചുകൂടി ക്ഷമിക്കണമെന്ന് അതോറിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മേഖലയില്‍ നിലവില്‍ 75,000ഓളം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാളായ അഹമ്മദ് ബിന്‍ സുലൈമാന്‍ വ്യക്തമാക്കി. എട്ടു മാസത്തിനകം ഈ ബുദ്ധിമുട്ട് അവസാനിക്കുമെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. ഇവിടെ താമസക്കാരെക്കാള്‍ കൂടുതല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
മേഖലയില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശമനം വരുത്താന്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടല്‍ ആര്‍ ടി എയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എട്ടാഴ്ച എന്നാല്‍ വളരെ വേഗം അവസാനിക്കുമല്ലോയെന്നായിരുന്നു ഇവിടെ ജോലിചെയ്യുന്ന ആയിശ ഫെര്‍ണാണ്ടസിന്റെ പ്രതികരണം. നിലവില്‍ മൂന്നു മണിക്കൂര്‍ സമയം വേണം ജോലിസ്ഥലത്ത് നിന്നും ഖിസൈസിലെ വീട്ടിലെത്താന്‍, ഇത് ആശ്വാസകരമായ വാര്‍ത്തയാണെന്നും അവര്‍ പറഞ്ഞു.

Latest