ഡോക്ടര്‍മാരില്ല; കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

Posted on: September 16, 2013 7:26 am | Last updated: September 16, 2013 at 7:26 am

കുറ്റിയാടി: കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികള്‍ ദുരിതത്തിലായി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിന് ശേഷം ഡോക്ടര്‍മാരുടെ അഭാവം സ്ഥിരം പല്ലവിയാണ്. നൂറിലധികം രോഗികളെ കിടത്ത ചികിത്സ നടത്തുന്ന ഇവിടെ ഇപ്പോള്‍ 25ല്‍ താഴെ രോഗികളെ മാത്രമേ അഡ്മിറ്റ് ചെയ്യാറുള്ളൂ. നഴ്‌സുമാരുടെ കുറവും പരിഹരിച്ചിട്ടില്ല. ഇത് കാരണം പല രോഗികളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഏറ്റവും സ്ഥലസൗകര്യവും ലാബ്, എക്‌സറേ, ഇ സി ജി സൗകര്യവും ഈ ആശുപത്രിയിലുണ്ട്. കൂടാതെ കുറ്റിയാടി പഴയ ആശുപത്രി കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണിട്ട് മാസങ്ങളായി. അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും മതില്‍ കെട്ടാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ ഓടുന്ന റോഡിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. ഇപ്പോള്‍ സാഹസപ്പെട്ടാണ് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്.
കമ്മ്യൂണിറ്റി ആശുപത്രിയായിരുന്ന കാലത്ത് 13 ഡോക്ടര്‍മാര്‍ വരെ ഇവിടെ സേവനം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആറ് ഡോക്ടര്‍മാരാണ് രോഗികളെ പരിശോധിക്കുന്നത്. ഇവരില്‍ ചിലര്‍ പലപ്പോഴും ലീവിലുമായിരിക്കും. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റും നിയമിക്കാത്തപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് കുറ്റിയാടി മണ്ഡലം പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ കുഞ്ഞമ്മദ് അറിയിച്ചു.