Connect with us

Palakkad

കേരളത്തിലേക്ക് മായം ചേര്‍ത്ത ഭക്ഷ്യ വസ്തുക്കളുടെ വരവ് വ്യാപകം

Published

|

Last Updated

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മായം ചേര്‍ത്ത ഭക്ഷ്യ വസ്തുക്കളുടെ വരവ് വ്യാപകമാകുന്നു.
വിലക്കയറ്റവും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും മുതലെടുത്താണ് തമിഴ്‌നാട്ടില്‍ നിന്ന് ടണ്‍കണക്കിന് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കേരള വിപണിയിലെത്തുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മാ പരിശോധന നടത്തുന്ന മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഗോപാലപുരം, നടുപ്പുണ്ണി ചെക്ക്‌പോസ്റ്റിലൂടെയും എല്ലപ്പെട്ടന്‍ കോവില്‍, മേട്ടുക്കട തുടങ്ങിയ ഒന്‍പതോളം ഊടുവഴികളിലൂടെയുമാണ് സാധനങ്ങള്‍ കേരളത്തിലെത്തിക്കുന്നത്.
വില കുറഞ്ഞ വൈറ്റ് ഓയില്‍ കലര്‍ത്തിയ വെളിച്ചെണ്ണ, മൃഗകൊഴുപ്പ് ചേര്‍ത്ത നെയ്യ്, രാസവസ്തുക്കളും പൊടിയും ചേര്‍ത്ത പാല്‍, കളപ്പൊടികള്‍ ചേര്‍ത്തുണ്ടാക്കിയ അച്ചാറുകള്‍, കറിപൗഡര്‍, മഞ്ഞപ്പൊടി, വിവിധ ചേരുവകളോടെയുള്ള ഭക്ഷ്യ എണ്ണ എന്നിവ ടാങ്കര്‍ ലോറികളിലും പാക്കറ്റുകളിലുമായാണ് വിപണിയിലെത്തുന്നത്.
അതിര്‍ത്തി പ്രദേശമായ നടുപ്പുണ്ണിക്ക് സമീപം മൃഗകൊഴുപ്പ് ചേര്‍ത്ത നെയ് ഉത്പാദന കേന്ദ്രത്തില്‍ നിന്ന് വിവിധ പേരുകളില്‍ ഒറിജിനിലിനെ വെല്ലുന്ന വ്യാജന്‍ വിപണിയില്‍ എത്തുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് ഇവര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ഇത്തരത്തില്‍ വിപണിയിലെത്തുന്ന നെയ് ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ഉപയോഗിച്ചുവരുന്നുമുണ്ട്. നിലവില്‍ മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ മാത്രം നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാര പരിശോധന എല്ലാ ചെക്ക്‌പോസ്റ്റുകളിലും ഏര്‍പ്പെടുത്തിയാല്‍ തന്നെ മായം കലര്‍ന്ന വസ്തുക്കളുടെ വരവിന് ഒരു പരിധിവരെ തടയിടാനാകും. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലെത്തിക്കുന്നതിന് പിന്നില്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമുള്ള സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

Latest