റയലിന് സമനില; ബാഴ്‌സലോണക്ക് വിജയം

Posted on: September 16, 2013 1:48 am | Last updated: September 16, 2013 at 1:48 am

realമാഡ്രിഡ്: കോടികള്‍ മുടക്കി ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തില്‍ നിന്ന് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വിലക്കെടുത്ത ഗെരത് ബെയ്ല്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി തന്റെ മൂല്യം തെളിയിച്ചു. വില്ലാറയലിനെതിരായ ലാ ലീഗ പോരാട്ടത്തില്‍ പക്ഷേ സമനില കൊണ്ട് മുന്‍ ചാമ്പ്യന്‍മാരായ റയലിന് തൃപ്തിയടയേണ്ടി വന്നു എന്നുമാത്രം. 2-2 എന്ന സ്‌കോറിനാണ് വില്ലാറയല്‍ റയലിനെ പിടിച്ചു കെട്ടിയത്. മറ്റ് മത്സരങ്ങളില്‍ ചാമ്പ്യന്‍ ടീം ബാഴ്‌സലോണ ആവേശപ്പോരാട്ടത്തില്‍ സെവില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍മേരിയയെ മുക്കി. ലവാന്റെ സോസിഡാഡ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
റയല്‍ മാഡ്രിഡ്- വില്ലാറയല്‍ മത്സരം ഗെരത് ബെയ്‌ലിന്റെ റയലിനായുള്ള അരങ്ങേറ്റമെന്ന നിലയിലാണ് ശ്രദ്ധേയമായത്. ആദ്യ മത്സരത്തില്‍ തന്നെ വല കുലുക്കി വെയ്ല്‍സ് താരം തന്റെ പ്രതിഭയെ അടയാളപ്പെടുത്തുകയും ചെയ്തു. കളിയുടെ 21ാം മിനുട്ടില്‍ കാനിയിലൂടെ വില്ലാറയല്‍ റയലിനെ ഞെട്ടിച്ചെങ്കിലും 39ാം മിനുട്ടില്‍ ബെയ്ല്‍ തന്റെ മികവിലൂടെ റയലിനെ ഒപ്പമെത്തിച്ചു. എയ്ഞ്ചല്‍ ഡി മരിയയാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതി തുടങ്ങി 64ാം മിനുട്ടില്‍ റയല്‍ ലീഡുയര്‍ത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍ നേടിയത്. കരിം ബെന്‍സിമ ഗോളിന് വഴിയൊരുക്കി. എന്നാല്‍ റയലിന്റെ ആഹ്ലാദത്തിന് അല്‍പ്പായുസ്സായിരുന്നു. 70ാം മിനുട്ടില്‍ ജിയോവാനി ഡോസ് സാന്റോസിലൂടെ വില്ലാറയല്‍ സമനില പിടിച്ചു. നായകന്‍ ഇകര്‍ കാസിയസിന് പകരം ഗോള്‍വല കാത്ത ഡീഗോ ലോപ്പസ് റോഡ്രിഗസിന്റെ മിന്നുന്ന പ്രകടനമില്ലായിരുന്നെങ്കില്‍ റയലിന് തോല്‍വി പിണഞ്ഞേനെ. ഗോളെന്നുറച്ച അനവധി അവസരങ്ങളാണ് റയല്‍ ഗോളി തട്ടിയകറ്റിയത്.
ആവേശപ്പോരാട്ടത്തില്‍ സെവില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബാഴ്‌സലോണ വിജയക്കുതിപ്പ് തുടര്‍ന്നത്. രണ്ട് ഗോളിന്റെ ലീഡുമായി അവസാനം വരെ കുതിച്ച ബാഴ്‌സയെ അവസാന പത്ത് മിനുട്ടിനിടെ രണ്ട് ഗോള്‍ നേടി സെവില്ല സമനിലയില്‍ തളച്ചെങ്കിലും ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസ് ഇഞ്ച്വറി ടൈമില്‍ നേടിയ ഗോള്‍ ചാമ്പ്യന്‍മാരുടെ വിജയം സുനിശ്ചിതമാക്കി. ആദ്യ പകുതിയുടെ 36ാം മിനുട്ടില്‍ ഡാനി ആല്‍വ്‌സ് നേടിയ ഗോളില്‍ ലീഡെടുത്ത കറ്റാലന്‍മാര്‍ രണ്ടാം പകുതി തുടങ്ങി 75ല്‍ വെച്ച് ലയണല്‍ മെസ്സിയിലൂടെ രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. ബുസ്‌കെറ്റ്‌സിന്റെ ക്രോസില്‍ നിന്ന് ആല്‍വ്‌സ് ഹെഡ്ഡറിലൂടെവല ചലിപ്പിച്ചപ്പോള്‍ നെയ്മറുടെ ക്രോസില്‍ നിന്നാണ് മെസ്സിയുടെ ഗോളിന്റെ പിറവി. എന്നാല്‍ ബാഴ്‌സലോണയുടെ കണക്ക് കൂട്ടലിനെ അട്ടിമറിച്ച് 80ാം മിനുട്ടില്‍ ഇവാന്‍ റാക്കിറ്റിക്കും 90ല്‍ കോക്കും വില്ലാറയലിനായി വല ചലിപ്പിച്ചു. മത്സരത്തില്‍ അഡീഷനലായി ലഭിച്ച മൂന്ന് മിനുട്ടിനിടെ കിട്ടിയ അവസരം പാഴാക്കാതെ സാഞ്ചസ് വല ചലിപ്പിച്ചതോടെ വിജയം ബാഴ്‌സക്കൊപ്പം നില്‍ക്കുകയായിരുന്നു. മെസ്സി മറിച്ചു നല്‍കിയ ക്രോസില്‍ നിന്നാണ് ചിലിയന്‍ താരം നിര്‍ണായക ഗോള്‍ നേടിയത്.
ഇരു പകുതികളിലുമായി രണ്ട് ഗോളുകള്‍ നേടിയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് അല്‍മേരിയക്ക് മേല്‍ 4-2ന് വിജയം പിടിച്ചത്. 15ാം മിനുട്ടില്‍ ഡേവിഡ് വിയയിലൂടെ ലീഡെടുത്ത അത്‌ലറ്റിക്കോ 37ാം മിനുട്ടില്‍ ഡീഗോ കോസ്റ്റ നേടിയ പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്തി. 40ാം മിനുട്ടില്‍ റോഡ്രിയിലൂടെ അല്‍മേരിയ ലീഡ് കുറച്ചു. രണ്ടാം പകുതി തുടങ്ങി 64ല്‍ വെച്ച് തിയാഗോയും 67ാം മിനുട്ടില്‍ റൗള്‍ ഗ്രാഷിയയും അത്‌ലറ്റിക്കോയുടെ പട്ടിക പൂര്‍ത്തിയാക്കി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അലക്‌സിസ് വിദാല്‍ അല്‍മേരിയയുടെ രണ്ടാം ഗോളിന് അവകാശിയായി.
നാല് കളികളില്‍ നാലും വിജയിച്ച് ബാഴ്‌സലോണ ഗോള്‍ ശരാശരിയുടെ ബലത്തില്‍ തലപ്പത്ത് തുടരുമ്പോള്‍ നാല് കളിയും ജയിച്ച് അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തുണ്ട്.
റയലിനെ സമനിലയില്‍ പടിച്ചതോടെ അവരെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി വില്ലാറയല്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. നാല് കളികളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമാണ് ഇരു ടീമിനുമുള്ളത്. ഗോള്‍ ശരാശരിയില്‍ വില്ലാറയല്‍ റയലിനെ മറികടക്കുകയായിരുന്നു.