Connect with us

Kannur

പൈതല്‍വനത്തില്‍ അപൂര്‍വ ഇനം തവളകളെ കണ്ടെത്തി

Published

|

Last Updated

കണ്ണൂര്‍: പശ്ചിമ ഘട്ട മലനിരകളിലെ സ്ഥാനിക സ്പീഷിസുകളായ അപൂര്‍വ ഇനം തവളകളെ പൈതല്‍വനത്തില്‍ കണ്ടെത്തി. പച്ചക്കണ്ണന്‍ ഇലത്തവള, പച്ചിലപ്പാറാന്‍, പുലിത്തവള എന്നിങ്ങനെ നിരവധി ഇനം തവളകളെയാണ് ഗവേഷകര്‍ വനത്തില്‍ കണ്ടെത്തിയത്. ഇവയില്‍ പച്ചക്കണ്ണന്‍ ഇലത്തവള കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഗരുതരമായ വംശനാശഭീഷണി നേരിടുന്ന ഇനമാണ്. ഒന്നര മുതല്‍ രണ്ട് വരെ സെന്റീമീറ്റര്‍ വലിപ്പമുള്ളവയാണ് രണ്ടിനങ്ങള്‍. പശ്ചിമ ഘട്ടത്തില്‍ കാണപ്പെടുന്ന ചെറുതവളകളുടെ കൂട്ടത്തില്‍ ഇവയും പെടും. ഇളിത്തേമ്പനെന്ന പേരില്‍ അറിയപ്പെടുന്ന പച്ചിലപ്പാറാന്‍ പൈതലിലെ ചോലവനങ്ങളില്‍ ധാരാളമായി കാണുന്നുണ്ട്. വന്‍വൃക്ഷങ്ങളില്‍ നിന്ന് വന്‍ വൃക്ഷങ്ങളിലേക്ക് ഒഴുകി പറക്കാന്‍ കഴിവുള്ള ഇളിത്തേമ്പന്‍ തവള അധികനേരവും ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കും. ശരീരത്തിന്റെ പുറംഭാഗം കടുത്ത പച്ച നിറത്തില്‍ ഉള്ള ഈ ജീവികളുടെ അടിഭാഗം മുഷിഞ്ഞ വെള്ളനിറമായിരിക്കും. കൈകാലുകളും ഉരസുമായി ബന്ധിക്കപ്പെട്ട ഒരു നേര്‍ത്ത സ്തരവും ശരീരത്തിന്റെ അടിഭാഗത്തുണ്ട്. വളരെ മെലിഞ്ഞ ശരീരമാണിവക്കുള്ളത്. കൈകാലുകള്‍ തീരെ നേര്‍ത്തതും, വിരലുകള്‍ വളരെ ചെറുതുമാണ്.
ഇളിത്തേമ്പന്‍ പകല്‍സമയം ഉറങ്ങുകയും രാത്രിയില്‍ സഞ്ചരിക്കുകയും ഇര പിടിക്കുകയും ചെയ്യുന്നു. കൈകാലുകള്‍ മടക്കി ഏതെങ്കിലും ഇലയുടെ അടിയില്‍ ഇരിക്കുന്ന ഇവയെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. വലിയ കണ്ണിലെ കൃഷ്ണമണി ചുരുങ്ങി ഒരു വര പോലെയാകുന്നതിനാല്‍ കണ്ണും തിരിച്ചറിയാന്‍ സഹായിക്കില്ല. ഇളിത്തേമ്പന്‍ പറക്കാനായി ശരീരത്തിനടിയിലുള്ള നേര്‍ത്ത പാട ഉപയോഗിക്കുന്നു. വൃക്ഷങ്ങളുടെ ഉയരത്തില്‍ നിന്ന് താഴോട്ടു പറക്കാനായി ആദ്യം തന്നെ ഒരു കുതിപ്പ് നടത്തും. അതോടൊപ്പം തന്നെ ശരീരത്തിലെ പാട കാറ്റ് പിടിക്കത്തക്കവണ്ണം വിടര്‍ത്തുകയും കൈകാലുകള്‍ വലിച്ചുനീട്ടി ശരീരം പരത്തുകയും ചെയ്യുന്നു. കൈകാലുകള്‍ ഉപയോഗിച്ച് ഗതി നിയന്ത്രിക്കാനും ഈ ചെറു ജീവികള്‍ക്ക് സാധിക്കും. ഇരയുടെ സമീപമോ അടുത്ത മരത്തിന്റെ സമീപമോ എത്തുമ്പോള്‍ ശരീരം വില്ലുപോലെ വളക്കുകയും വിരലുകളിലെ പാട വേഗം കുറക്കാന്‍ പാകത്തില്‍ പിടിക്കുകയും ചെയ്യുന്നു. ആകാശക്കുടയുടെ പ്രവര്‍ത്തനം പോലെയുള്ള ഈ പ്രവര്‍ത്തനം കൊണ്ട് വേഗം അവിശ്വസനീയമായ വിധത്തില്‍ നിയന്ത്രിക്കാന്‍ ഇവക്ക് കഴിയും. 15 മീറ്റര്‍ ദൂരം വരെ ഇവ ഇങ്ങനെ പറക്കാറുണ്ട്.
സാധാരണയായി പച്ചത്തവള എന്നു വിളിക്കുന്ന ഇലത്തവളകള്‍ റാണിഡേ ഗോത്രത്തിലെ ഒരു തവളയിനമാണ്. ഹൈലറാണാ ജനുസ്സില്‍പ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ഹൈലറാണാ എറിത്രീയ എന്നാണ്. പ്രധാനമായും ഇവയെ കണ്ടുവരുന്നത് ബ്രൂണൈ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ്. അയനവൃത്തത്തിനടുത്തുളള ഉഷ്ണമേഖലാ വനങ്ങളിലെ ഈര്‍പ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. കട്ടി കൂടിയ കോടമഞ്ഞിനാല്‍ സമൃദ്ധമായ പൈതല്‍മല കേരള-കര്‍ണാടക അതിര്‍ത്തിയിലായി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. പൈതല്‍മല ചോലവനങ്ങളില്‍ തവളകള്‍ ഉള്‍പ്പെടെയുള്ള അപൂര്‍വയിനം ജീവികള്‍ ധാരാളമുണ്ടെങ്കിലും കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. വിനോദസഞ്ചാരത്തിന്റെ മറവില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന കാട്ടുതീ ഇത്തരം ജീവികളുടെ നാശത്തിനുതന്നെ കാരണമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

 

Latest