Connect with us

National

അഖിലേഷ് യാദവ് മുസാഫര്‍നഗര്‍ സന്ദര്‍ശിച്ചു

Published

|

Last Updated

മുസാഫര്‍നഗര്‍: സാമുദായിക സംഘര്‍ഷം അരങ്ങേറിയ മുസാഫര്‍നഗറില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശനം നടത്തി. ആഗസ്റ്റ് 27ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. കരിങ്കൊടിക്കും മുദ്രാവാക്യം വിളികള്‍ക്കും ഇടയിലേക്കാണ് ആദ്യം സംഘര്‍ഷമുണ്ടായ കവാല്‍ ഗ്രാമത്തില്‍ അഖിലേഷ് വന്നിറങ്ങിയത്.
47 പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം നിയന്ത്രണവിധേയമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ അഖിലേഷ് ദുരന്തബാധിതരെ സന്ദര്‍ശിച്ചുവെന്നും അവര്‍ തങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്ക് വെച്ചുവെന്നും സമാജ്‌വാദി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗ്രാമവാസികളില്‍ നിന്ന് നിവേദനങ്ങള്‍ വാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും പുറത്ത് നിന്നുള്ളവരുമായാണ് അദ്ദേഹം സംസാരിച്ചതെന്നും ഒരു സംഘമാളുകള്‍ പരാതിപ്പെട്ടു.
“സംഭവിച്ചത് അങ്ങേയറ്റം വേദനാജനകമാണ്. മക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുടെ മാത്രം ദുഃഖമല്ല, സംസ്ഥാനത്തിന്റെയാകെ ദുഃഖമാണ് അത്. എല്ലാവരും സമാധാനത്തിനായി പ്രവര്‍ത്തിക്കണം. സമാധാനത്തിന് തുരങ്കം വെച്ച മുഴുവന്‍ പേര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കും” അഖിലേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കവാലില്‍ നിന്ന് മാലിക്പുരയിലേക്ക് തിരിച്ച അഖിലേഷ് പിന്നീട് കാന്ധ്‌ലയിലും സംഘര്‍ഷബാധിതരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് ജില്ല സന്ദര്‍ശിക്കുന്നുണ്ട്. അഖിലേഷ് യാദവുമായി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, മുസാഫര്‍നഗറില്‍ പുതുതായി നിയമിച്ച എസ് എസ് പി സുഭാഷ് ചന്ദ്ര ദുബെയെ സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അദ്ദേഹത്തിനെതിരെ വകുപ്പ്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ ആണ് പുതിയ എസ് എസ് പി.

Latest