Connect with us

National

മായാ കോദ്‌നാനിക്ക് വധശിക്ഷ: എസ് ഐ ടിക്ക് അനുമതി നല്‍കിയില്ല

Published

|

Last Updated

അഹമ്മദാബാദ്: നരോദപാട്യ കൂട്ടക്കൊല കേസില്‍ മുന്‍മന്ത്രി മായാ കോദ്‌നാനിക്ക് വധശിക്ഷ ആവശ്യപ്പെടാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കോദ്‌നാനിക്ക് എതിരെ ശക്തമായ തെളിവില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കമല്‍ ത്രിവേദി നിയമോപദേശം നല്‍കിയതിനെ തുടര്‍ന്നാണിത്.
ഗുജറാത്ത് വംശഹത്യ കാലത്ത് 96 പേര്‍ കൊല്ലപ്പെട്ട നരോദപാട്യ കൂട്ടക്കൊലക്കേസില്‍ പ്രതികളായ മായാ കോദ്‌നാനിക്കും ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗിക്കും മറ്റ് 30 പേര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. പ്രത്യേക കോടതിയുടെ വിധിക്കെതിരെ വധശിക്ഷ ആവശ്യപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കേണ്ടെന്ന നിലപാടാണ് എ ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമ വകുപ്പ് സ്വീകരിച്ചതെന്ന് എസ് ഐ ടിക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രശാന്ത് ദേശായ് പറഞ്ഞു. കോദ്‌നാനിക്കെതിരെ നേരിട്ടുള്ള തെളിവില്ലെന്നും മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചതെന്നും അതിനാല്‍ വധശിക്ഷ ആവശ്യപ്പെടേണ്ടതില്ലെന്നുമാണ് എ ജി പറഞ്ഞത്. അതേസമയം, ബാബു ബജ്‌റംഗിക്കും മറ്റ് നാല് പേര്‍ക്കും വധശിക്ഷ ആവശ്യപ്പെടാന്‍ എസ് ഐ ടിക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
മായാ കോദ്‌നാനിക്കും ബജ്‌റംഗിക്കും വധശിക്ഷ ആവശ്യപ്പെടാന്‍ എസ് ഐ ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍, തീവ്രഹിന്ദുത്വ സംഘടനകളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ബജ്‌റംഗി, സുരേഷ് ലംഗാദോ, പ്രേംചന്ദ് തിവാരി, സുരേഷ് നടേല്‍ക്കര്‍, മനു മരുദാ എന്നിവര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് മുന്നോട്ടുപോകാനാണ് എസ് ഐ ടിക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന കോദ്‌നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ബജ്‌റംഗിക്ക് ജീവിതകാലം മുഴുവന്‍ തടവും മറ്റ് എട്ട് പേര്‍ക്ക് 31 വര്‍ഷം തടവും 22 പേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചിരുന്നു. 29 പേരെ കുറ്റവിമുക്തരാക്കി.