പെണ്ണോണം

  Posted on: September 16, 2013 12:00 am | Last updated: September 16, 2013 at 12:40 am

  Bhavya Sureshഓണം ഓരോ മലയാളിയും ഏറ്റവുമധികം നെഞ്ചോട് ചേര്‍ത്തു വെക്കുന്ന ഒരാഘോഷമാണ്. ബാല്യ, കൗമാര, യൗവന വാര്‍ധക്യങ്ങള്‍ എല്ലാം തന്നെ ഓണത്തെ ഒരു പോലെ വരവേല്‍ക്കുന്നു. ബാല്യ കൗമാരങ്ങളെ സംബന്ധിച്ചിടത്തോളം മഹാബലിയുടെയും വാമനന്റെയും കഥകള്‍ക്കപ്പുറത്ത് പൂക്കളുടെയും പുത്തനുടുപ്പിന്റെയും പല പല കളികളുടെയും ഉത്സവമാണ്.
  ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് വിവാഹത്തിനു മുമ്പുള്ള ഓണം സ്വന്തം വീട്ടു മുറ്റത്തെ പൂക്കളെ പോലെ ഹൃദ്യവും മനോഹരവുമാണ്. പരിചിതമായ പരിസരങ്ങളില്‍ കൊണ്ടാടപ്പെടുന്ന ഓണം തികച്ചും ആഹ്ലാദവും ഉത്സാഹവും നിറഞ്ഞതാണ്. അച്ഛനമ്മമാരുടെ സ്‌നേഹവാത്സല്യത്തണലില്‍ ഏതു ഇല്ലായ്മയിലും അവളുടെ ഓണത്തിന് പൊന്നിന്‍ തിളക്കമാണ്. അധികമായൊരു അതിരും അകലവും പാലിക്കാതെ തന്നെ ഓണത്തിന്റെ ഭാഗമായിത്തീരാനാകുന്നു.
  വിവാഹാനന്തരം അവളുടെത് പലപ്പോഴും മറ്റൊരു ഓണമാണ്, മറ്റൊരു പരിസരവും. മുമ്പുള്ള ഓണങ്ങള്‍ ഉത്സാഹത്തിന്റെതാണെങ്കില്‍ പിന്‍കാല ഓണം ഉത്തരവാദിത്തത്തിന്റെതാണ്. ഭാര്യയായി വന്ന് മരുമകളും ചെറിയമ്മയും വലിയമ്മയും ഏട്ടത്തിയമ്മയും മറ്റും മറ്റുമായി വന്നു ചേരുന്ന വേഷപ്പകര്‍ച്ചയില്‍ ചിലപ്പോഴെല്ലാം ഓണപ്പകിട്ട് സ്വയം അറിയാതെ പോയേക്കാം.
  ബാല്യ കൗമാരങ്ങളിലെ ഓണം ഒരുങ്ങലിന്റെതാണെങ്കില്‍ ഇപ്പോഴത് ഒരുക്കലിന്റെതായി മാറുന്നു. മുമ്പുണ്ടായിരുന്ന ഓണക്കാലം ഇടപെടലിന്റെയും സജീവതയുടെതുമാണെങ്കില്‍ ഇപ്പോഴത് ഓര്‍മപ്പെടലിന്റെതാകുന്നു. ഓണം കിനാവുകളുടെ പൂക്കാലമാകുന്നു. പലപ്പോഴും ആശയുടെയും ആവേശത്തിന്റെയും ഓണം ആശങ്കയുടെതായി പരിണമിക്കുന്നു. തിരുവോണ നാളില്‍ ഓരോ നിമിഷവും എല്ലാ പ്രാരാബ്ധങ്ങളും മറന്നു കൊണ്ട് മനസ്സ് അറിയാതെയെങ്കിലും സ്വന്തം വീടിന്റെ തട്ടകങ്ങളിലേക്ക് ഓടിയെത്താറുണ്ട്.
  തുമ്പപ്പൂക്കളുടെയും മുക്കുറ്റിപ്പൂക്കളുടെയും ഇടയിലൂടെ ഓണത്തുമ്പികളോട് കിന്നാരം പറഞ്ഞ് നടന്നിരുന്ന ബാല്യകാലത്തിന്റെ സുവര്‍ണകാല ഓര്‍മകള്‍ മനസ്സിന്റെ തിരശ്ശീലയില്‍ വീണ്ടുമെത്തുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം തോന്നുന്നു. വീടും നാടും വിട്ട് പ്രവാസികളാകുന്നവര്‍ക്ക് ഒരു നനുത്ത നൊമ്പരത്തെ മാത്രമേ ഓണസ്മൃതികളെ താലോലിക്കാനാകൂ.