ബ്രഹ്മഗിരി മലബാര്‍ മീറ്റ് മാംസ സംസ്‌കരണ ശാലയില്‍ ഉത്പാദനം തുടങ്ങി

Posted on: September 16, 2013 12:10 am | Last updated: September 16, 2013 at 12:10 am

കല്‍പ്പറ്റ: ബ്രഹ്മഗിരി മലബാര്‍ മീറ്റ് മാംസ സംസ്‌ക്കരണ ശാലയിലെ ആദ്യ ഉല്‍പ്പാദനം ഇന്നലെ ് നടന്നു. മലവയല്‍ ജുമാ മസ്ജിദിലെ ഖത്വീബ് അബ്ദുല്‍ ഖാദര്‍ ഫൈസിയാണ് പ്രഥമ ഉല്‍പ്പാദനം നിര്‍വഹിച്ചത്.
കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വകുപ്പ് മേധാവി ഡോ. കെ.ജെ അബ്രാഹാം ആണ് മലബാര്‍ മീറ്റ് പദ്ധതി കണ്‍സള്‍ട്ടന്റ്. ഡോ. അബ്രാഹാമിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 14 ന് ട്രയല്‍ റണ്‍ നടത്തിയാണ് പ്ലാന്റ് പ്രഥമ ഉല്‍പ്പാദനത്തിന് തയ്യാറാക്കിയത്. വിപണനത്തിനായി തയ്യാറാക്കിയ പോത്ത്, കോഴി, ആട്, മുയല്‍ എന്നിവയുടെ മാംസം പൂര്‍ണ്ണമായും വിറ്റഴിഞ്ഞു. 22 കോടി രൂപ മതിപ്പ് ചെലവില്‍ പണി പൂര്‍ത്തീകരിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഈ വിവിധയിന മാംസ സംസ്‌ക്കരണ ശാല ഇതോടെ പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്. ഒക്‌ടോബര്‍ മാസം പകുതിയോടെ കമ്മീഷന്‍ നടത്താന്‍ കഴിയുമെന്ന വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പുമായി കൂടിയാലോചിച്ച് കമ്മീഷന്‍ തീയ്യതി നിശ്ചയിക്കും.
കേന്ദ്ര കേരള സര്‍ക്കാരുകള്‍, നബാര്‍ഡ്, കുടുബശ്രീ, ക്ഷീരസഹകരണ സംഘങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്.