സിറിയക്ക് വീണ്ടും ഒബാമയുടെ മുന്നറിയിപ്പ്‌

Posted on: September 15, 2013 7:42 pm | Last updated: September 16, 2013 at 12:28 am

obama

വാഷിംഗ്ടണ്‍: രാസായുധങ്ങള്‍ നശിപ്പിക്കുന്നതിനായി രൂപവത്കരിച്ച കരാര്‍ പാലിക്കുന്നതില്‍ സിറിയ വീഴ്ച വരുത്തിയാല്‍ ശക്തമായ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പൊതു വികാരത്തോട് പ്രതിജ്ഞാബദ്ധരായിരിക്കാനുള്ള ബാധ്യത സിറിയന്‍ ഭരണകൂടത്തിനുണ്ട്. അവരാണ് ഭാവി തീരുമാനിക്കേണ്ടത്. സൈനിക നടപടിക്ക് അമേരിക്ക സദാസജ്ജമാണ്- ഒബാമ മുന്നറിയിപ്പ് നല്‍കി.
ബശര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള രാസായുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കാനായി മുന്നോട്ടു വെച്ച ആറിന പദ്ധതിയില്‍ റഷ്യയും അമേരിക്കയും ധാരണയിലെത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ഒബാമ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് ആക്രമണത്തിന് തുനിഞ്ഞ അമേരിക്ക അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുകയും റഷ്യ നയതന്ത്ര നീക്കം ശക്തമാക്കുകയും ചെയ്തതോടെയാണ് ആറിന ധാരണക്ക് വഴിയൊരുങ്ങിയത്.
ചട്ടക്കൂട് മുന്നോട്ടു വെക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സിറിയ തയ്യാറായില്ലെങ്കില്‍ യു എന്‍ പ്രമേയത്തിന്റെ പിന്തുണയോടെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഒബാമ പറഞ്ഞു. അതിനിടെ, രാസായുധ നിരോധന കരാറില്‍ പ്രവേശിക്കാനുള്ള സിറിയയുടെ അപേക്ഷക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കി. രാസായുധങ്ങള്‍ രാജ്യാന്തര നിരീക്ഷകര്‍ക്ക് പരിശോധനക്ക് നല്‍കുന്നതോടെ സിറിയക്ക് സംഘടനയില്‍ അംഗത്വം ലഭിക്കും. ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ആറിന പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. റഷ്യ- അമേരിക്ക ധാരണ ദൂരവ്യാപകമായ ഗുണഫലമുണ്ടാക്കുന്ന നയതന്ത്ര മുന്നേറ്റമാണെന്ന് ഐക്യരാഷ്ട്രസഭയും നാറ്റോയും പ്രതികരിച്ചു.
റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ നയതന്ത്ര ദൗത്യം ആരംഭിച്ച ഘട്ടത്തില്‍ ബശര്‍ അല്‍ അസദ് പ്രഖ്യാപിച്ച പിന്തുണക്കപ്പുറത്ത് ഇപ്പോഴത്തെ ധാരണയോട് സിറിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാസായുധങ്ങളുടെ തരവും അളവും സമ്മതിക്കുകയും അവ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തയ്യാറാവുകയും വേണമെന്നതാണ് ജോണ്‍ കെറി മുന്നോട്ടു വെച്ച പദ്ധതിയിലെ പ്രധാന നിബന്ധന.
രാസായുധങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ തയ്യാറാകണം. അന്താരാഷ്ട്ര രാസായുധ വിരുദ്ധ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും അതനുസരിച്ചുള്ള കര്‍ശനമായ നടപടിക്രമങ്ങള്‍ക്ക് വിധേയമാകുകയും വേണമെന്നാണ് യു എസും റഷ്യയുമായുണ്ടായ ധാരണ.