Connect with us

National

രാഷ്ട്രീയക്കാര്‍ സൈനികരെ മാതൃകയാക്കണം: നരേന്ദ്ര മോഡി

Published

|

Last Updated

രെവാരി (ഹരിയാന): ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പൊതു യോഗത്തില്‍ ദേശീയതയില്‍ ഊന്നി നരേന്ദ്ര മോഡി. യു പി എ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ് മോഡി, പാക്കിസ്ഥാനും ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നും ശക്തമായ നേതൃത്വം മാത്രമാണ് ഇതിന് പരിഹാരമെന്നും ഹരിയാനയില്‍ നടന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു. കരസേനക്ക് ശക്തമായ പിന്തുണ നല്‍കിയാണ് മോഡിയുടെ പ്രസംഗം. കരസേന മതേതരത്വത്തിന്റെ പ്രതീകമാണെന്നും അതില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കണം. പ്രശ്‌നം അതിര്‍ത്തിയിലല്ല ഡല്‍ഹിയിലാണെന്നും നിരവധി വിമുക്തഭടന്മാര്‍ സന്നിഹിതരായ പൊതുയോഗത്തില്‍ മോഡി പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായുള്ള യു പി എ സര്‍ക്കാറിന്റെ നയങ്ങള്‍ ദുര്‍ബലമാണ്. അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയെ മോഡി രൂക്ഷമായി വിമര്‍ശിച്ചു. പാക് സൈനികരുടെ വേഷത്തിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് ആന്റണി പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നത്. പാര്‍ലിമെന്റിലുണ്ടായ ബഹളത്തെ തുടര്‍ന്ന് പാക് സൈന്യത്തിന്റെ സഹായം ആക്രമണത്തിന് ലഭിച്ചതായി ആന്റണി തിരുത്തിയിരുന്നു.
പാക്കിസ്ഥാന്‍ സൈനികരുടെ വേഷത്തില്‍ ആരോ അതിര്‍ത്തി കടന്നെത്തി ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. “എല്ലാ ദിവസങ്ങളിലും നമ്മള്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. പാക്കിസ്ഥാന് പുറമെ ചൈനയുടെ ഭാഗത്തു നിന്നും നുഴഞ്ഞുകയറ്റമുണ്ടാകുന്നു. ബ്രഹ്മപുത്ര നദിയില്‍ അണ കെട്ടി ഒഴുക്ക് തടയുന്നു. ഒപ്പം അരുണാചല്‍ പ്രദേശിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു.”- മോഡി പറഞ്ഞു. ജാതി സെന്‍സസ് വേണമെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വോട്ട് ബേങ്ക് രാഷ്ട്രീയമെന്നാണ് മോഡി വിശേഷിപ്പിച്ചത്.
മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയിയെ പല തവണ പരാമര്‍ശിച്ചെങ്കിലും ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ എല്‍ കെ അഡ്വാനിയെ ഒരു തവണ മാത്രമാണ് പരാമര്‍ശിച്ചത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ ശക്തമായ എതിര്‍ത്ത നേതാവാണ് അഡ്വാനി. കരസേനാ മുന്‍ മേധാവി ജനറല്‍ വിക്രം സിംഗും യോഗത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest