Connect with us

Kannur

ഇരിട്ടി പാലത്തില്‍ വാഹനം കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

Published

|

Last Updated

ഇരിട്ടി: ഓണത്തെ വരവേല്‍ക്കാന്‍ മലയോരവും ഒരുങ്ങി. ഇരിട്ടി ഉള്‍പ്പെടെയുള്ള മലയോരത്തെ പട്ടണങ്ങളില്‍ ഓണ വിപണിയില്‍ വന്‍തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അനുഭവപ്പെട്ടത്. ചെറിയ രീതിയിലുള്ള മഴ ഇടക്കിടെ പെയ്യുന്നുണ്ടെങ്കിലും വിപണിയെ കാര്യമായി ബാധിച്ചില്ല.
കുടുംബശ്രീകളുടെ ഓണചന്തകളിലും സര്‍ക്കാറിന്റെ ന്യായവില ഷോപ്പുകളിലും നല്ല തിരക്കനുഭവപ്പെട്ടു. ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡ് അടച്ചിട്ടത് വ്യാപാരികളെ ഏറെ ദുരിതത്തിലാക്കി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസുകളുള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതിനാല്‍ പൂക്കച്ചവടമുള്‍പ്പെടെയുള്ള വഴിയോര കച്ചവടം മേലെ സ്റ്റാന്‍ഡിലേക്ക് മാറ്റി. ഇരിട്ടി പാലത്തില്‍ വാഹനങ്ങള്‍ കുടുങ്ങിയതിനാല്‍ മണിക്കൂറുകളോളം നഗരത്തെ ഗതാഗത കുരുക്കിലാക്കി. പാലത്തിലൂടെയുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാരില്ലാത്തതാണ് ബുദ്ധിമുട്ടായി മാറിയത്. ഒരേ സമയം ഇരുഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ കയറിയതാണ് പാലത്തില്‍ ഗതാഗതക്കുരുക്കിനിടയാക്കിയത്. സുരക്ഷയുടെ ഭാഗമായി ഇരിട്ടി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പോലീസ് പരിശോധന നടത്തി. മലയോരത്തെ വിവിധ ക്ലബുകളുടെയും വായനശാലകളുടെയും രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ രണ്ട് ദിവസം മുമ്പ് തന്നെ ഓണാഘോഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ഇരിട്ടി ജനമൈത്രി പോലീസ് എടൂര്‍ സ്‌നേഹഭവനിലെ കുട്ടികള്‍ക്കൊപ്പം ഓണാഘോഷം നടത്തി. ഇരിട്ടി ഡി വൈ എസ് പി. എം പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് ഗവ. യു പി സ്‌കൂളില്‍ പൂക്കള മത്സരം നടത്തി. ഘോഷയാത്രയുമുണ്ടായിരുന്നു. തില്ലങ്കേരി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി കൗസല്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പേരട്ട ഗവ. എല്‍ പി സ്‌കൂള്‍ കുട്ടികള്‍ കൂട്ടുപുഴ സ്‌നേഹഭവന്‍ അന്തേവാസികള്‍ക്കൊപ്പം ഓണാഘോഷം നടത്തി.

 

Latest