Connect with us

Kerala

ഓണ നാളിലും ദുരിതമൊഴിയാതെ ചേനപ്പാടി ആദിവാസി കോളനിക്കാര്‍

Published

|

Last Updated

കാളികാവ് : ഓണത്തിന് മുമ്പെങ്കിലും ചോര്‍ന്നൊലിക്കാത്ത സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനുള്ള സ്വപ്‌നം സഫലമാകാതെ ചേനപ്പാടി ആദിവാസി കോളനിക്കാര്‍. ജീര്‍ണിച്ചതെങ്കിലും കാടിനുള്ളിലെ വീടുകള്‍ ഐ ടി ഡി പി (ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം) അധികൃതര്‍ പൊളിച്ചു മാറ്റിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അഭയാര്‍ഥികളാകേണ്ടി വന്നത്. പുനരധിവാസമെന്ന വാഗ്ദാനം മാസങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല.
ചോക്കാട് നാല്‍പ്പത് സെന്റ് ഗിരിജന്‍ കോളനി ജി എല്‍ പി സ്‌കൂളിലാണ് കോളനിക്കാര്‍ കഴിയുന്നത്. ഒരു നൂറ്റാണ്ടിലധികം ദുരിതക്കയത്തില്‍ ജീവിച്ച ചേനപ്പാടി മൂപ്പന്‍ വലിയ കുറുമ്പന്‍ 106-ാം വയസ്സില്‍ അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അധികൃതര്‍ക്ക് മുമ്പില്‍ കിടപ്പാടത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നത് മൂപ്പനായിരുന്നു. മൂപ്പന്റെ വേര്‍പാടോടെ ആവശ്യങ്ങള്‍ അധികാരികള്‍ക്ക് മുമ്പില്‍ ആര് അവതരിപ്പിക്കുമെന്ന ആശങ്കയും കോളനിക്കാര്‍ക്കുണ്ട്. കാടിനുള്ളിലെ ചേനപ്പാടി കോളനി താമസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് കോളനിക്കാരെ ദുരിതത്തിലാക്കിയത്. പുതിയ വീട് വെക്കുന്നതിന് വേണ്ടി താമസിക്കുന്ന വീടുകള്‍ പൊളിച്ചു മാറ്റിയതിന് ശേഷമാണ് ഈ സ്ഥലം വാസയോഗ്യമല്ലെന്ന് ഐ ടി ഡി പി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് യാതൊരു സുരക്ഷിതത്വവുമില്ലാതെ ആറ് മാസത്തിലധികം കാടിനുള്ളില്‍ കെട്ടിയ താത്കാലിക ഷെഡ്ഡുകളില്‍ കഴിയേണ്ടി വന്നു. പിന്നീട് ശ്രീരാമകൃഷ്ണന്‍ എം എല്‍ എ കോളനി സന്ദര്‍ശിച്ചതോടെ സ്ഥലം എം എല്‍ എയും മന്ത്രിയുമായ എ പി അനില്‍കുമാറും ഇടപെട്ടാണ് താത്കാലികമായി ഗിരിജന്‍ കോളനി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. രണ്ട് മാസത്തിനുള്ളില്‍ സ്ഥലം നല്‍കി വീട് വെക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവരുടെ ഷെഡ്ഡുകള്‍ മുഴുവന്‍ കാട്ടാനകള്‍ ചവിട്ടി മെതിച്ചിട്ടുണ്ട്. സ്‌കൂളിലെ ഒറ്റ മുറിയിലാണ് പത്ത് കുടുംബങ്ങളും കഴിയുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യങ്ങളില്ലാത്ത സ്‌കൂളില്‍ എത്ര കാലം കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. സ്ഥലവും വീടും നല്‍കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് വന്യ മൃഗങ്ങളുടെ ഭീഷണി വകവെക്കാതെ ചേനപ്പാടിയിലേക്ക് തന്നെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോളനിക്കാര്‍.

Latest