Connect with us

Malappuram

മലപ്പുറത്തിന്റെ ഗതകാല സ്മരണകളിലേക്ക് വെളിച്ചം വീശി സെമിനാര്‍

Published

|

Last Updated

മലപ്പുറം: പടപ്പാടുകളുടെയും മറ്റ് മാപ്പിള സാഹിത്യരചനകളുടെയും സൗന്ദര്യവും പിന്നാമ്പുറങ്ങളും മലബാറിലെ മുസ്‌ലിംകളുടെ പോരാട്ട വീര്യവും ചര്‍ച്ച ചെയ്ത് എസ് എസ് എഫ് സാഹിത്യോത്സവ് സെമിനാര്‍. മലപ്പുറം, പാട്ട്, പടയോട്ടം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സാഹിത്യരചനകളിലെ മലപ്പുറത്തിന്റെ ഗതകാല പ്രൗഢിയും സൗന്ദര്യവും അനാവരണം ചെയ്തു. എസ് എസ് എഫ് മുന്‍സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി മോഡററ്റായിരുന്നു. ഒരു നൂറ്റാണ്ട് കാലത്തോളം മലബാറിലെ മാപ്പിളമാര്‍ക്ക് ഊര്‍ജം പകര്‍ന്നത് പടപ്പാട്ടുകളായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ രചനകള്‍ വര്‍ത്തമാന കാലത്ത് പോലും ആവേശം പകരുന്നത് അതിന്റെ വൈവിധ്യവും സൗന്ദര്യവും കൊണ്ടാണ്. ബദര്‍പടപ്പാട്ടിലെ വരികള്‍ എഴുതിസൂക്ഷിച്ച് പടര്‍കളത്തിലിറങ്ങിയവര്‍ക്ക് പടപ്പാട്ടുകള്‍ വീര്യം പകര്‍ന്ന ചരിത്രമാണുള്ളത്. ഒരു ദേശം എന്നതിലപ്പുറം മതസൗഹാര്‍ദത്തിന്റെ വിളനിലമാണ് മലപ്പുറം. പാരസ്പര്യത്തിന്റെ മഹത്തായ നേരറിവുകള്‍ മലപ്പുറത്ത് കാണാനാകും. ഈ ഒരുമയുടെയും സാഹോദര്യത്തിന്റെയും പ്രതിഫലനങ്ങള്‍ മലപ്പുറത്തിന്റെ പാട്ടുകളില്‍ ദര്‍ശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനത് ജീവിത ശൈലിയെ ഇസ്‌ലാമിക ഇസ്‌ലാമിക പാരമ്പര്യത്തില്‍ അധിഷ്ഠിതമായി വളര്‍ത്തിയെടുത്തവരാണ് മാപ്പളിമാരെന്ന് വിഷയാവതരണം നടത്തിയ ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് പറഞ്ഞു. സാമൂഹിക ചുറ്റുപാടുകള്‍ ചേര്‍ന്ന് നിന്നവരാണ് മലപ്പുറത്തുകാരെന്നും മാപ്പിള സാഹിത്യം ഈ ജില്ലയുമായി ചേര്‍ന്ന് നില്‍ക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. പടപ്പാട്ടിന്റെ ശബ്ദം മുഴങ്ങുന്ന ദേശമാണ് മലപ്പുറമെന്ന് എഴുത്തുകാരന്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. ജീവിത ഗന്ധിയായ ഖിസ്സപ്പാട്ടുകള്‍ എന്നും വേറിട്ട് നില്‍ക്കുന്ന സൃഷ്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പടപ്പാട്ടില്‍ നിന്നും മറ്റു മാപ്പിള സാഹിത്യങ്ങളില്‍ നിന്നും ഉള്‍കൊള്ളേണ്ടത് പോരാട്ടവീര്യമാണെന്ന് എഴുത്തുകാരന്‍ സി ഹംസ അഭിപ്രായപ്പെട്ടു. നിരവധി പോരാട്ടങ്ങളുടെ സാക്ഷ്യഭൂമിയാണ് മലപ്പുറം. അധിനിവേശ ദുശക്തികള്‍ക്കെതിരെയുള്ള സുസജ്ജരായ സൈന്യമായിരുന്നു മലപ്പുറത്തെ മാപ്പിളമാര്‍. ധീരമായ പടയോട്ടങ്ങളിലൂടെ ജീവനും രക്തവും നല്‍കി പറിച്ചുമാറ്റിയ പതാകകളെ വിനോദ മാമാങ്കങ്ങളുടെ പേരില്‍ അതേ മണ്ണില്‍ പുനപ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് പടപ്പാട്ടുകളോടും പോരാളികളോടുമുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

Latest